തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അപ്രായോഗികമാണെന്ന് സംസ്ഥാന മന്ത്രിസഭായോഗം വിലയിരുത്തി. ഇതിന് പകരം കോവിഡ് രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചത്. വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാകുമെന്ന വിദഗ്ധ സമിതി അംഗങ്ങളുടെ അഭിപ്രായം മന്ത്രിസഭായോഗം പരിഗണിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗവും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാനും, ഇത്തരം പ്രദേശങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണമാണ് കര്‍ക്കശമാക്കുന്നത്.
ഇത്തരം പ്രദേശങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും അടക്കമുള്ള വിദഗ്ധസമിതി അവലോകനം നടത്തിയശേഷം തീരുമാനമെടുക്കാമെന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി.