തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ ദുരിതം വിതച്ചത്. കനത്ത മഴയില്‍ പലയിടത്തും റെയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു.
കൊച്ചിയിലും കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എം ജി റോഡ്, ചിറ്റൂര്‍ റോഡ്, പി ആന്‍ഡ് ഡി കോളനി, കമ്മാട്ടിപ്പാടം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, ന?ഗരത്തിന് പുറത്ത് പള്ളുരുത്തി, തോപ്പുംപടി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെ നിരവധി വീടുകളില്‍ വെള്ളം കയറി.
കൊച്ചി ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയിലായി. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. വട്ടേക്കുന്ന കല്ലറയ്ക്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിടിഞ്ഞുവീണത്. ഇവിടെയുള്ള കിണറും മൂടിപ്പോയി. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല.