KERALALATEST

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടനില്ല; മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടനുണ്ടാകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് 19 വ്യാപന സാഹചര്യം പ്രതികൂലമായതാണ് കാരണം.

സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 498 ആയി. ഇവ രണ്ടും ബസ് സര്‍വീസുകള്‍ നടത്തുന്നതിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. സമ്പര്‍ക്കരോഗബാധിതര്‍ വര്‍ധിക്കുന്നതിനനുസരിച്ച് ആളുകള്‍ യാത്ര ചെയ്യാതെ വീട്ടിലിരിക്കുകയാണു വേണ്ടത്. അതിനു പകരം കൂടുതല്‍ യാത്രാ സൗകര്യമൊരുക്കുന്നത് സമ്പര്‍ക്ക രോഗബാധ ചെറുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.

ഹോട്ട് സ്‌പോട്ടുകള്‍ ഏതെങ്കിലും ഭാഗം മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ജില്ലകളുടെ പല ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ആ സാഹചര്യത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലാ ആസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഏതാണ്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ബസ്സുകള്‍ ഓടിക്കുമ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിര്‍ത്താനോ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തുന്നതില്‍ പ്രയോജനമില്ല.

Related Articles

Back to top button