തിരുവനന്തപുരം: സംസ്ഥാനത്ത് 90 ശതമാനം സ്വകാര്യ ബസ് സര്‍വീസുകളും ഇന്നുമുതല്‍ ഉണ്ടാകില്ല. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് സര്‍വീസ് നടത്തുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനു ജി-ഫോം നല്‍കിയിരിക്കുന്നത്. വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമേ ഇനിയുണ്ടാകൂ. വരുംദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനും ശേഷിക്കുന്ന സര്‍വീസുകള്‍ കൂടി നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ട്. കോവിഡ് പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്താന്‍ കാരണം.
കോവിഡ് പ്രതിസന്ധി അവസാനിക്കുംവരെ ഇന്ധനത്തിനു സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെ റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. നികുതി അടയ്ക്കാനുള്ള സമയം നീട്ടിനല്‍കാമെന്നായിരുന്നു ഗതാഗതവകുപ്പ് അറിയിച്ചത്.
സ്വകാര്യ ബസുടമകള്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് ബസുടമകള്‍ എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസ്സുകള്‍ ഇല്ലാതാകും. ഇത് കെഎസ്ആര്‍ടിസിയേയും ഇല്ലാതാക്കും. പരാമാവധി ചെയ്യാന്‍ കഴിയുന്ന സഹായം സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസുടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.