BREAKING NEWSKERALALATEST

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു വന്നതിനാല്‍ ചികിത്സ ലഭിച്ചില്ല; നാണയം വിഴുങ്ങിയ മൂന്നു വയസുകാരന്റെ ജീവന്‍പൊലിഞ്ഞു

കൊച്ചി: ആലുവയില്‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകന്‍ പ്രിത്വിരാജാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ശനിയാഴ്ചയാണ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു.
കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
പീഡിയാട്രിക് സര്‍ജന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു.
കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്‌ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button