LATEST

പഞ്ചാബ് വിഷമദ്യദുരന്തം: 86 ജീവനുകള്‍ പൊലിഞ്ഞു, അമരേന്ദറിന്റെ രാജിക്കായി പ്രതിപക്ഷം


ചണ്ഡീഗഡ്: പഞ്ചാബിനെ നടുക്കിയ വന്‍ വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 86 ആയി.
ബുധനാഴ്ച രാത്രിയോടെയാണ് പഞ്ചാബിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച രാത്രി ആയപ്പോഴേക്കും മരണം 39 ആയി. ശനിയാഴ്ചയാണ 48 മരണം കൂടി സംഭവിച്ചതോടെ മരണസംഖ്യ 86ല്‍ എത്തി. പഞ്ചാബിലെ അമൃത്സര്‍, ബട്ടാല, തന്‍തരണ്‍ എന്നീ സ്ഥലങ്ങളിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.
ദുരന്തത്തോടെ അമരേന്ദര്‍ സിങ്ങ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. വ്യാജമദ്യം വിതരണത്തിലടക്കം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള ബന്ധം ആണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതോടെ പ്രതിപക്ഷം അമരേന്ദര്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ കടുത്ത നടപടികള്‍ തന്നെ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരേന്ദര്‍ സിങ്ങ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെ തുടര്‍ന്ന് 25 ആളുകളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരും ആറ് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ബുധനാഴ്ചയോടെ അമൃതസറിലെ മുച്ച്ഹല്‍ ഗ്രാമത്തില്‍ നിര്‍മിച്ച് വിവിധ കേന്ദ്രങ്ങളില്‍ വിറ്റ വ്യാജ മദ്യമാണ് ദുരന്തത്തിന് കാരണമായത്. ദുരന്തത്തിന് പിന്നാലെ മരിച്ചവരുടെ ബന്ധുക്കള്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.
ദുരന്തത്തിന് ഇരയായ കൃപാല്‍ സിങ്ങിന്റെ ബന്ധുക്കള്‍ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൃതദേഹവുമായി പ്രതിഷേധിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അമൃത്‌സര്‍- ഡല്‍ഹി ദേശീയപാത ഉപരോധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ 2012ലും 2106ലും സമാനമായ ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാലത്ത് സംസ്ഥാനത്ത് അകാലിദള്‍ ബിജെപി സഖ്യഭരണമായിരുന്നു ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്.

Related Articles

Back to top button