KERALALATESTNEWS

കുതിരവട്ടത്ത് നിന്ന് ചാടിയ പ്രതിക്ക് കോവിഡ്; പോലീസുകാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ മാസം 24ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടിയെ പോലീസുകാരും മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനും ആശങ്കയിലായി. താനൂര്‍ സ്വദേശിയായ ഷാനുവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് 24ന് ആയിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ മാത്രമാണ് ഇയാളുടെ റിസല്‍ട്ട് പോസിറ്റീവായിരുന്നുവെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പോലീസിനെ അറിയിച്ചത്.
ഇതോടെ ഇയാളെ പിടികൂടിയ പോലീസുകാരും മറ്റ് സമ്പര്‍ക്കം പുലര്‍ത്തിയവരും ആശങ്കയിലായി. ഷാനുവുമായി ബന്ധപ്പെട്ട പോലീസുകാര്‍ അടക്കമുള്ളവരുടെ പരിശോധന നടത്തുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.
പോസിറ്റീവായ കാര്യം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ഷാനുവിനെ പിടികൂടിയ ശേഷം ഇയാളുമായി ബന്ധപ്പെട്ട പോലീസുകാര്‍ നിരവധി സ്ഥലത്ത് പോയിട്ടുണ്ടെന്നും കൃത്യമായ വിവരം പോലീസിനെ അറിയിക്കാത്തത് വലിയ വീഴ്ചയാണെന്നും മെഡിക്കല്‍ കോളേജ് പോലീസ് ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ കിട്ടിയില്ല എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനെയോ സി.ഐയെയോ മറ്റോ നേരിട്ട് ബന്ധപ്പെടാന്‍ നിരവധി വഴികളുണ്ടെന്നിരിക്കെ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്ച ഏറെ അപകടമുണ്ടാക്കുന്നതാണ്.
വിവിധ കേസുകളില്‍ പ്രതികളായ മൂന്നുപേരും ഒരു അന്തേവാസിയുമാണ് കഴിഞ്ഞമാസം 24 ന് കുതിരവട്ടത്ത് നിന്നും ചാടിപ്പോയത്. ഇതില്‍ പ്രതികളായ മൂന്ന് പേരെയും പുറത്ത് ചാടാന്‍ സഹായിച്ച ആളായിരുന്നു താനൂര്‍ സ്വദേശിയായ ഷാനു. തുടര്‍ന്ന് ഇവിടെ നിന്നും പ്രതികളോടൊപ്പം രക്ഷപ്പെട്ട് തിരുവനന്തപുരത്തേക്ക് കടന്ന ഷാനുവിനെ പിറ്റെ ദിവസം തന്നെ നാടകീയമായി താനൂരില്‍ എത്തിച്ചായിരുന്നു മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് മറ്റ് മൂന്നുപേരും പിടിയിലായിരുന്നു.

Related Articles

Back to top button