തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതി ബിജുലാല്‍ പണം തട്ടിയെടുത്തതായി പൊലീസിനു മൊഴി നല്‍കി. ഇത് എങ്ങനെയെന്നും വിശദമായി മൊഴി നല്‍കിയെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മുന്‍ ട്രഷറി ഓഫീസര്‍ തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയതെന്നാണ് ബിജുലാലിന്റെ മൊഴി. ഒരു ദിവസം ട്രഷറി ഓഫീസര്‍ നേരേ വീട്ടില്‍ പോയപ്പോഴാണ് കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ തനിക്ക് പാസ്‌വേഡ് പറഞ്ഞ് തന്നതെന്നാണ് വിശദീകരണം. മാര്‍ച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി.
ട്രഷറി ഓഫീസര്‍ അവധിയില്‍ പോയശേഷം ഏപ്രിലില്‍ പണം പിന്‍വലിച്ചു. ആദ്യം 75 ലക്ഷവും പിന്നീട് 2 കോടിയും പിന്‍വലിച്ചു. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കിയെന്നും ഭാര്യക്ക് സ്വര്‍ണ്ണവും വാങ്ങിയതിന് ശേഷം ബാക്കി പണം ചീട്ടുകളിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ബിജുലാലിന്റെ മൊഴി.
എന്നാല്‍ പാസ്വേഡ് താനാണ് നല്‍കിയതെന്ന മൊഴി ട്രഷറി ഓഫീസര്‍ നിഷേധിച്ചു. പാസ്‌വേര്‍ഡ് താന്‍ ബിജുവിന് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്‌കരന്‍ കമ്പ്യൂട്ടര്‍ ഓഫാക്കണമെങ്കില്‍ ചുമതലപ്പെടുത്തുക അഡ്മിനിസ്‌ട്രേറ്ററെയാണെന്നും വിശദീകരിച്ചു.
നാലു ദിവസത്തെ ഒളിച്ചു കളിയ്ക്കു ശേഷം ഇന്നാണ് ട്രഷറി തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജുലാല്‍ പിടിയിലായത്. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ താന്‍ ട്രഷറിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ബിജു അന്വേഷണ സംഘത്തോട് സമ്മതിച്ചു.
നാലു ദിവസത്തിലേറെയായി പൊലീസ് അന്വേഷിക്കുന്ന ബിജുലാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന അവകാശവാദവുമായാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. തന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പു നടത്തിയാതാകാമെന്നും ബിജു ലാല്‍ അവകാശപ്പെട്ടു. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ കീഴടങ്ങുകയായിരുന്നു ബിജുവിന്റെ ലക്ഷ്യമെങ്കിലും ഇതിനു മുമ്പു തന്നെ അറസ്റ്റ് നടന്നു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ എല്ലാം നിഷേധിച്ചുവെങ്കിലും അന്വേഷണ സംഘത്തിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചു. ഓണ്‍ലൈന്‍ ചീട്ടു കളിയിലുണ്ടായ നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും മുമ്പ് പലഘട്ടങ്ങളിലായി 75 ലക്ഷം രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ബിജു സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അറസ്റ്റിനു പിന്നാലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ബിജുവിനെ എത്തിച്ച് കൊവിഡ് പരിശോധന നടത്തി. നാളെ കോടതിയില്‍ ഹാജരാക്കുക. ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ബിജുലാല്‍ രണ്ടു കോടി രൂപ തട്ടിയെടുത്തത്.
31 1 minute read