ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണത്തിന് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി സത്യപ്രതിജ്ഞാലംഘനം എന്ന വിമര്‍ശനം ആവര്‍ത്തിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പരാജയദിനമാണിന്ന്. ഹിന്ദുത്വത്തിന്റെ വിജയദിനം കൂടിയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു.
ബാബ്‌രി മസ്ജിദ് എക്കാലവും നിലനില്‍ക്കുമെന്നാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് അയോധ്യയിലെ ഭൂമിപൂജയോട് പ്രതികരിച്ചത്. ഒരിക്കലൊരിടത്ത് പള്ളി പണിതെങ്കില്‍ എല്ലാക്കാലവും ആ പള്ളി അവിടെ തുടരും എന്നാണ് ഇസ്ലാമിക വിശ്വാസം. അതനുസരിച്ചാണെങ്കില്‍ ബാബ്‌രി മസ്ജിദ് എന്ന സങ്കല്‍പം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നും അയോധ്യ ബാബ്‌രി മസ്ജിദ് കേസിലെ മുഖ്യകക്ഷികളില്‍ ഒരാളായിരുന്ന മുസ്ലിം വ്യക്തിനിയമബോര്‍ഡ് വ്യക്തമാക്കി.
‘ബാബ്‌രി മസ്ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും. പള്ളി നിലനിന്നയിടത്ത് വിഗ്രഹങ്ങള്‍ വച്ചതുകൊണ്ടോ, പൂജ നടത്തിയതുകൊണ്ടോ, നമസ്‌കാരം വിലക്കിയതുകൊണ്ടോ മസ്ജിദ് ഇല്ലാതാകുന്നില്ല’ എന്നും മുസ്ലിം വ്യക്തിനിയമബോര്‍ഡ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന്റെ തുടക്കം രാജ്യത്തിന്റെ സുവര്‍ണനിമിഷമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകള്‍ രാമന്റെ വിഗ്രഹം കഴിഞ്ഞിരുന്നത്. ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുന്നു. രാമജന്മഭൂമി സ്വതന്ത്രമായെന്നും പ്രധാനമന്ത്രി ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ അഭിസംബോധനയില്‍ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമരത്തെയും മഹാത്മാഗാന്ധിയെയും കൂട്ടുപിടിച്ചായിരുന്നു മോദിയുടെ പ്രസംഗം.
21 Less than a minute