KERALALATESTNEWS

കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം 15ാം ദിവസം കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്‌ലു സ്വദേശി മഹേഷിന്റെ മൃതദേഹം 15ാം ദിവസമാണ് കണ്ടെത്തിയത്. കര്‍ണാടകയിലെ കോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടല്‍ത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം വസ്ത്രങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ചയിലധികം ഇയാള്‍ക്കായി കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു.
കഴിഞ്ഞ മാസം 22 നാണ് പന്ത്രണ്ട്കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി കുട്‌ലു സ്വദേശി മഹേഷ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. കൂട്ടുകാരും പൊലീസും നോക്കി നില്‍ക്കെയാണ് പൊലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോട് കൂടി കടലില്‍ ചാടിയത്. പുലിമൂട്ടില്‍ ഒളിപ്പിച്ച ഫോണ്‍ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്‌കൂബ സംഘത്തിലെ മുങ്ങല്‍ വിദഗ്ധരടക്കം ദിവസങ്ങളോളം കടലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അതേസമയം, മഹേഷി!നെ കാണാതായതില്‍ ദുരൂഹത ഉണ്ടെന്നും ചട്ടങ്ങള്‍ ലംഘിച്ച് ആണ് വിലങ്ങ് വെച്ചതെന്നും ആരോപിച്ച് പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

Related Articles

Back to top button