തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ ഐ ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.
പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതിനിടെ, തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യ യുഎഇ സര്‍ക്കാരിന്റെ അനുമതി തേടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തില്‍ വിദേശത്ത് ചെന്ന് അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് അനുമതിയുണ്ട്.
26 Less than a minute