കോതമംഗംലം: കോതമംഗലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റോഡ്‌ഷോ നടത്തിയതിന് പിടികൂടിയ വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി. ഒരു ബെന്‍സ് കാറും ആറ് ടോറസ് ലോറികളുമാണ് ജാമ്യ വ്യവസ്ഥയില്‍ വിട്ടു നല്‍കിയത്. കുറ്റബോധം തോന്നേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് റോഡ് ഷോ നടത്തിയ വിവാദ ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യന്‍ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ക്വാറി ഉടമ തണ്ണിക്കോട്ട് റോയി കുര്യന്‍ ബെന്‍സ് കാറിന് മുകളിലേറി ടോറസ് ലോറികളുടെ അകമ്പടിയില്‍ റോഡ് ഷോ നടത്തിയത്. അപകടകരമാം വിധം വാഹനമോടിച്ചതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും റോയിക്കും വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിരുന്നു. കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കോടതി വിട്ടു നല്‍കിയത്.
രണ്ട് ആള്‍ ജാമ്യവും തത്തുല്യമായ ഈടിന്‍ മേലുമാണ് ഒരു ബെന്‍സ് കാറും ആറ് ടോറസ് ലോറികളും തിരിച്ചു നല്‍കിയത്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനായിരുന്നു വാഹനങ്ങള്‍ നിരത്തിലിറക്കിയതെന്നാണ് റോയിയുടെ വിശദീകരണം. അത്ര വലിയ തെറ്റൊന്നും ചെയ്തില്ലെന്നും കുറ്റബോധമില്ലെന്നും പ്രതികരണം.
താത്കാലിക റെജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ കാര്‍ ഉപയോഗിച്ചാണ് റോഡ്‌ഷോ നടത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശി ഗൗതമിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറികള്‍.
21 Less than a minute