BANKINGBUSINESSLATEST

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 4 ശതമാനത്തില്‍ തുടരും

മുംബൈ: റിസര്‍വ് ബാങ്ക് ഇത്തവണ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്.
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയില്‍നിന്ന് നല്‍കുന്നതെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു.
പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തല്‍.
മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.

Related Articles

Back to top button