ഇടുക്കി മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. എസ്റ്റേറ്റ് ലയങ്ങള്‍ മണ്ണിനടിയിലായി.മൂന്നാര്‍ മേഖലയില്‍ അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നേരത്തെ മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ മറയൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയാണ് ഇടുക്കിയില്‍ ഉള്ളത്. മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചില്‍ വ്യാപകമായിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്നു. ഗതാഗതം തടസപ്പെട്ടതോടെ മറയൂര്‍ അടക്കമുള്ള എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ടു.
നിലവില്‍ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്.