ENTERTAINMENTTAMIL

ബെംഗളൂരു ലഹരിമരുന്നു കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍

ബെംഗളൂരു: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗറിലെ ഇവരുടെ വീട്ടില്‍ നടന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. മലയാളിയായ നിയാസ് മുഹമ്മദടക്കം ആറു പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. സഞ്ജന ഗല്‍റാണിയും നിയാസും അടുത്ത സുഹൃത്തുക്കളെന്നു സിസിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ സിസിബി ഓഫീസിലേക്ക് കൊണ്ടുപോയി.
കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് ലഭിച്ച ശേഷം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നതായി ബെംഗളൂരു പോലീസ് ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ അറിയിച്ചു.
സഞ്ജന ഗല്‍റാണിയെ നേരത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ബെംഗളൂരുവിലില്ല എന്ന വിവരമാണ് ലഭിച്ചിരുന്നത്. ഇന്ന് ബെംഗളൂരുവിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് അവരുടെ വസതിയില്‍ പരിശോധന നടത്തുന്നത്. മൂന്നാം പ്രതിയായ വിരണ്‍ ഖന്നയുടെ വീട്ടിലും സിസിബിയുടെ പരിശോധന നടത്തിയിരുന്നു.
ബെംഗളൂരുവില്‍ ജനിച്ച സഞ്ജന 2006ല്‍ ഒരു കാതല്‍ സെയ്വീര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 1983, വെള്ളിമൂങ്ങ തുടങ്ങി നിരവധി മലയാള സിനിമകളില്‍ വേഷമിട്ട നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

Related Articles

Back to top button