BREAKING NEWSKERALA

ഇന്നു മുതല്‍ വീണ്ടും കിറ്റ് വതരണം ; ഇത്തവണ 350 രൂപ വിലവരുന്ന 8 ഇനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണക്കിറ്റിലെ ശര്‍ക്കരയും, പപ്പടത്തിന്റെയും ഗുണനിലവാരമില്ലായ്മ ചര്‍ച്ചയായതോടെ ഇക്കുറി സംസ്ഥാനത്തെ കമ്പനികളില്‍ നിന്നാണ് സപ്ലൈക്കോ ഉത്പന്നങ്ങള്‍ സംഭരിച്ചത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ഓണക്കിറ്റിലെ ശര്‍ക്കരയിലും, പപ്പടത്തിലും കൈപൊള്ളിയ സപ്ലൈക്കോ ഇത്തവണ ഇരട്ടി ജാഗ്രതയിലാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നാണ് ടെണ്ടര്‍ സ്വീകരിച്ചത്. 1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 10 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, കാല്‍ കിലോ സാമ്പാര്‍ പരിപ്പ്. വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉള്‍പ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമം അനുസരിച്ച് തുടങ്ങുന്ന വിതരണം അടുത്ത മാസം 15ാം തീയതിക്കകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണക്കിറ്റിനായി 88 ലക്ഷം കിറ്റുകള്‍ സജ്ജമായെങ്കിലും 83.61 ലക്ഷം പേര്‍ മാത്രമാണ് കിറ്റ് കൈപ്പറ്റിയത്. പരിശോധിച്ച 35 ലോഡ് ശര്‍ക്കരയും ഭക്ഷ്യയോഗ്യമല്ല എന്നായിരുന്നു പരിശോധന ഫലം. മുളക് പൊടിയില്‍ അളവിലും കുറവായിരുന്നു. പപ്പടവും വേണ്ടത്ര ഗുണനിലവാരം പുലര്‍ത്തിയില്ല. 9 കമ്പനികള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയ സപ്ലൈക്കോ ഇവര്‍ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടി പരിശോധിക്കുകയാണ്.
കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വരുന്ന 4 മാസം ഭക്ഷ്യകിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button