ENTERTAINMENTLATESTNATIONALTAMIL

നിലയ്ക്കാത്ത നാദമായി എസ്പിബി; 16 ഭാഷകളില്‍ 40000 പാട്ടുകള്‍

ശബ്ദ സൗന്ദര്യം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംപിടിച്ച പകരക്കാരനില്ലാത്ത സംഗീതജ്ഞന്‍ എസ് പി ബി എന്ന എസ് പി ബാലസുബ്രമണ്യ നാദം നിലച്ചു. ദ്രാവിഡ മനസുകള്‍ കീഴടക്കാന്‍ ഭാഷ ഒരു പ്രശ്‌നമേയല്ലായിരുന്നു തെളിയിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വ്വ പ്രതിഭാസമായിരുന്നു എസ്പിബി. തെലുങ്കാണ് മാതൃഭാഷയെങ്കിലും മറ്റുഭാഷകള്‍ ഒരിക്കലും അതിരുകളാകാത്ത അദ്ദേഹത്തിന്റെ ഭാഷതന്നെ സംഗീതമായിരുന്നു. ശാസ്ത്രീയ സംഗീതം പഠിക്കാതെ ഇന്ത്യന്‍ സംഗീത മനസിലേക്ക് ഇറങ്ങിച്ചെന്ന എസ് പി ബിയുടെ ഗാനങ്ങള്‍ തെന്നിന്ത്യയ്‌ക്കൊപ്പം ഹിന്ദി ഹൃദയങ്ങളും ഏറ്റുപാടി.
സംഗീതത്തോടൊപ്പം സ്‌നേഹവും തന്റെ ഭാഷയാക്കിയതുകൊണ്ടാണ് എസ്പി ബാലസുബ്രഹ്മണ്യം എല്ലാവര്‍ക്കും പ്രിയങ്കരനാവുന്നത്. എസ്പിബിയുടെ രണ്ട് പാട്ടെങ്കിലും ഇല്ലാത്ത ഒരു ഗാനമേള മലയാളി കേട്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്. പ്രണയം, വിരഹം, വേര്‍പാട്, ആഘോഷം; ഏതായാലും ബാലസുബ്രഹ്മണ്യത്തിന് അതില്‍ ഹിറ്റ് ഗാനങ്ങളുണ്ടാകും.
ഗാനമേളകളില്‍ പല ഇഷ്ടങ്ങളുമായെത്തുന്ന ശ്രോതാക്കളെ തൃപ്തിപ്പെടുത്താന്‍ പതിഞ്ഞ താളത്തില്‍ തുടങ്ങി തട്ടുപൊളിപ്പന്‍ പാട്ടുകളിലെത്താന്‍ കഴിവുള്ള എസ്പിബിയുടെ ഗാനങ്ങളെ ആശ്രയിച്ചു ട്രൂപ്പുകള്‍. ശങ്കരാഭരണം എന്ന ചിത്രത്തിലെ ‘ശങ്കരാ നാദ ശരീരാ പരാ’, തമ്പിക്ക് എന്ത ഊര് എന്ന സിനിമയിലെ ‘കാതലിന്‍ ദീപം ഒന്‍ട്ര്’, റോജയിലെ ‘കാതല്‍ റോജാവേ’, അനശ്വരം സിനിമയിലെ ‘താരാപഥം ചേദോഹരം’, എസ്പി തന്നെ അഭിനയിച്ച് പാടിയ ‘മണ്ണില്‍ ഇന്ത കാതലന്‍ഡ്രി, ഹിന്ദി ഗാനങ്ങളായ ‘പെഹ്ലാ പെഹ്ലാ പ്യാര്‍ ഹേ’ ‘ദില്‍ ദീവാനാ’, തളപതിയില്‍ യേശുദാസിനൊപ്പം മത്സരിച്ചുപാടിയ ‘കാട്ടുക്കുയില് മനസുക്കുള്ളേ’, കാതലന്‍ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ ഈണമിട്ട ‘കാതലിക്കും പെണ്ണിന്‍ കൈകള്‍’, ചന്ദ്രമുഖിയിലെ ‘ദേവൂഡ ദേവൂഡ’ തുടങ്ങിയ പല ഗാനങ്ങളും ഇപ്പോഴും ഗാനമേളകളില്‍ കേള്‍ക്കാം.
എസ് പി ബിയെ നമ്മള്‍ കേട്ടതും അറഞ്ഞതും അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയായിരുന്നു. ശാസ്ത്രീയ സംഗീതം പഠിക്കാതെ തന്നെ സംഗീതത്തിന്റെ വേരുകളിലേക്കിറങ്ങിച്ചെന്ന് അതിനെ തൊട്ടറിഞ്ഞു ആ അതുല്യ പ്രതിഭ. ശാസ്ത്രീയ സംഗീതം പഠിക്കാതെ ശങ്കരാ….. നാഥ ശരീരാ പരാ എന്ന ഗാനം ആലപിച്ച അദ്ദേഹം സംഗീതജ്ഞര്‍ക്ക് എന്നും അത്ഭുതമായിരുന്നു.
1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് വന്ന എസ് പി ബി എന്ന സംഗീത സമ്രാട്
പിന്നീടങ്ങോട്ട് അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ സംഗീത ലോകത്തില്‍ തന്റെ സിംഹാസനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1979 ല്‍ സ്വര്‍ണകമല പുരസ്‌കാരം നേടിയ സംഗീതപ്രധാനമായ തെലുങ്കുചിത്രം ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ ബോക്‌സ് ഓഫീസ് നേടിക്കൊടുത്ത വിജയത്തിലൂടെയാണ് എസ് പി ബി ദക്ഷിണേന്ത്യക്ക് സുപരിചിതനാകുന്നത്.
പതിനാറോളം ഇന്ത്യന്‍ ഭാഷകളിലായി നാല്പതിനായിരത്തിലേറെ ഗാനങ്ങളാണ് പ്രിയപ്പെട്ടവരുടെ ബാലുവായ എസ്പിബി പാടിയത്. ഇതില്‍ ഏറ്റവുമധികം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുള്ളത് തമിഴിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ജനഹൃദയത്തില്‍ പതിപ്പിച്ചതും തമിഴ് ഗാനങ്ങളാണ്. മലയാളി സംഗീതാസ്വാദകര്‍ക്കിടയില്‍ മറ്റു ഭാഷാ ഗാനങ്ങള്‍ വേരുറപ്പിക്കുന്നതില്‍ ഈ അതുല്യ പ്രതിഭ വഹിച്ച പങ്കു വലുതാണ്.
ഒരു ഗായകനപ്പുറം സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് എന്നീ നിലകളിലും ജനപ്രീതി നേടിയ എസ് പി ബി ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകര്‍ക്കും ഒരു പാഠപുസ്തകമായി. ഏറ്റവും കൂടുതല്‍ ചലച്ചിത്ര പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് റെക്കോര്‍ഡും എസ് പി ബി ക്ക് മാത്രം സ്വന്തം. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ ലഭിച്ച അദ്ദേഹത്തെ 2001ല്‍ പദ്മശ്രീ, 2011ല്‍ പദ്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു.
സകലകലാവല്ലഭന്‍ എസ് പി ബാലസുബ്രഹ്മണ്യം മലയാളികള്‍ക്കും മലയാള ഗാന ലോകത്തിനും ചെയിതുട്ടുള്ള സംഭാവനകള്‍ ഏറെയാണ്. അനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പിറന്നിട്ടുണ്ടെങ്കിലും താരാപഥം ചേദോഹരം… എന്ന ഗാനം തലമുറകള്‍ പിന്നിട്ട് ഇന്നും മലയാളികളുടെ ചുണ്ടുകള്‍ മൂളിക്കൊണ്ടിരിക്കുന്നു. എല്ലാം ഒരു പാട്ടോര്‍മ്മയാക്കി എസ് പി ബി മടങ്ങുമ്പോള്‍ ആ നഷ്ടം നികത്താനാവുന്നതിലും അപ്പുറമാണ്.

Related Articles

Back to top button