POEMWEB MAGAZINE

ഞാൻ കുടിയേറിയ രാജ്യം ( കവിത)

ഞാൻ കുടിയേറിയ രാജ്യം
നീ ആകുന്നു
ഋതുക്കളെ മറന്ന്
ഞാൻ അവിടെ വസിക്കുന്നു
വെൺപ്രാവുകൾ
അവിടമാകെ
പ്രണയകവിതകൾ കൊണ്ട് നിറയ്ക്കുന്നു
കൊഴിഞ്ഞുവീണകിളിതൂവലുകൾ
വഴികളിൽ
വർണങ്ങളുടെ മഹാനദിയെ വരയ്ക്കുന്നു
തുഷാരബിന്ദുക്കളുടെ താഴ്‌വരയിൽ നിന്നും സ്‌നേഹസാഗരത്തിലേയ്‌ക്കൊരു അരുവി ഒഴുക്കുന്നു
മഴയുടെപാട്ടിൽ
പൂവിരിയുന്നു
പൂവുകൾ പൂവുകളോട് സംസാരിക്കുന്നത്
കുരുവിപ്പാട്ടുപോലെ
അവിടം നിറയുന്നു
പച്ചതത്തകൾ
മേഘശിഖരങ്ങളിൽ
കുഞ്ഞിതളിരിലകളായിവിടരുന്നു
തൂവെള്ളകൊക്കുകൾ അടർന്നുവീണ വെൺമേഘതുണ്ടുപോലെ വയലേലകളെ വിശുദ്ധമാക്കുന്നു
പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്ന
തീർത്ഥാടകരെപോലെ അരയന്നങ്ങൾ
ഇന്ദ്രനീല തടാകത്തിലൂടെ സഞ്ചരിക്കുന്നു
കാടിന്റെ
ഹരിതകൂട്ടിലിരുന്ന്
പൂങ്കുയിലുകൾ തന്റെ പ്രണയിനികൾക്ക് പ്രേമസന്ദേശം അയക്കുന്നു
തുമ്പികൾ
കാറ്റിന്റെ നെറ്റിയിൽ
പൊട്ടുതൊടുന്നു
അപ്പുപ്പൻ താടികൾ
കാറ്റിന്റെ കാതിൽ
കമ്മലാകുന്നു
ചക്രവാളം പട്ടുനൂലുകൊണ്ട്
സായന്തനത്തിന് വസ്ത്രം തുന്നുമ്പോൾ
പുഴയുടെ മധുര ഭാഷണത്തിനൊപ്പം
പക്ഷികളുടെ ഗസൽകേൾക്കുന്നു
രാത്രിയിൽ
ഉറക്കത്തെ അനാഥമാക്കി
ഞാൻ നിന്റെ കൈപിടിച്ചു നടക്കുന്നു
ചീവീടുകൾ മീട്ടുന്ന തമ്പുരു നാദത്തിനുമേൽ
മുല്ലപൂത്തമണം സ്‌നേഹവാത്സല്യത്തിന്റെ ചുംബനമാകുന്നു
സ്വർണത്തിന്റെ ഉടുപ്പണിഞ്ഞ
മിന്നാമിന്നികൾ
നിലാവിന്റെ വീട്ടുമുറ്റത്തുനിന്ന്
നൃത്തം ചെയുന്നു
എന്റെ പ്രണയസഖീ
നീയെന്നെ
മഴിവില്ലുകൾ കൊണ്ട് പണിത പടവുകളിലൂടെ നക്ഷത്രങ്ങൾക്കുള്ളിലെ
മാലാഖമാരുടെ വീട്ടിലേക്ക്
കൂട്ടികൊണ്ടു പോകുന്നു
ദൈവം എഴുതിയ പ്രണയകാവ്യം
മാലാഖമാർ ആലപിക്കുന്നത് കേൾക്കാൻ.

സതീഷ് തപസ്യ

Related Articles

Back to top button