KERALALATEST

ജോസിലൂടെ സിപിഎം ലക്ഷ്യം മധ്യകേരളത്തിലെ ക്രൈസ്തവ വോട്ട്

കോട്ടയം: ജോസ് കെ മാണിയെ മുന്നണിയില്‍ എത്തിക്കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ക്രൈസ്തവ ന്യൂനപക്ഷ മേഖലകളില്‍ വ്യക്തമായ സ്വാധീനം കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുണ്ട് എന്നാണ് സിപിഎം വിലയിരുത്തല്‍. ഇതില്‍ ജോസിലൂടെ കുറച്ചെങ്കിലും നേടാനായാല്‍ മധ്യകേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന പല മണ്ഡലങ്ങളിലും ഒന്നാമത് എത്താമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
ജോസ് കെ മാണിക്ക് നല്‍കാന്‍ ആലോചിക്കുന്ന സീറ്റുകള്‍ പരിശോധിച്ചാലും ഇതു തന്നെയാണ് വ്യക്തമാകുന്നത്. കോട്ടയത്ത് ആകെയുള്ള ഒമ്പത് സീറ്റുകളില്‍ ആറും ജോസിന് നല്‍കുമെന്ന് കരുതുന്നു. നേരത്തെ മാണി വിഭാഗം മത്സരിച്ച ഏറ്റുമാനൂര്‍ സീറ്റ് സിപിഎമ്മിന് നല്‍കും. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഇവിടെ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സിപിഎം മത്സരിച്ചിരുന്ന കോട്ടയം അല്ലെങ്കില്‍ പുതുപ്പള്ളി സീറ്റ് പകരമായി നല്‍കും.
റാന്നി, പിറവം, ചാലക്കുടി, ഇരിക്കൂര്‍, ഇടുക്കി, തൊടുപുഴ, കുറ്റ്യാടി എന്നീ ഏഴു സീറ്റുകള്‍ നല്‍കുന്നതിലൂടെയും ക്രൈസ്തവസഭകളോട് ഉള്ള അടുപ്പം കൂട്ടാനാണ് സിപിഎം ലക്ഷ്യം. റാന്നിയില്‍ നാലുതവണ മത്സരിച്ച് വിജയിച്ച രാജു എബ്രഹാമിന് ഇത്തവണ സീറ്റ് നല്‍കാന്‍ സിപിഎമ്മിന് കഴിയില്ല. പകരം മികച്ച സ്ഥാനാര്‍ഥി ഇവിടെ ഇല്ലാത്തതാണ് സിപിഎമ്മിന് വെല്ലുവിളി. ജോസ് ഭാഗം കത്തോലിക്കാ സമുദായത്തില്‍നിന്നുള്ള ആളെ ഇവിടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചാലക്കുടിയും സമാനമായ സ്ഥിതിയാണ്. ബി ഡി ദേവസിക്ക് സിപിഎം ഇത്തവണ സീറ്റ് നല്‍കില്ല. പകരം ജോസ് വിഭാഗം സ്ഥാനാര്‍ഥി മത്സരിക്കും.
ഇടുക്കിയില്‍ കഴിഞ്ഞ തവണ മത്സരിച്ച് 9333 വോട്ടിന് തോറ്റ എല്‍ഡിഎഫിന് അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന റോഷി അഗസ്റ്റിനെ തന്നെ രംഗത്ത് ഇറക്കിയാല്‍ മണ്ഡലം പിടിക്കാം എന്നാണ് കണക്കുകൂട്ടല്‍. ഈ മുന്നണി മാറ്റത്തിലൂടെ അങ്ങനെയും ഗുണമുണ്ട്. എന്നാല്‍ റോഷിക്ക് താല്പര്യം പാലാ ആണ്. കോണ്‍ഗ്രസിലെ കെ സി ജോസഫ് 42 വര്‍ഷമായി എംഎല്‍എ ആയ ക്രൈസ്തവ സ്വാധീനമുള്ള കണ്ണൂര്‍ ഇരിക്കൂര്‍ നല്‍കുന്നതും ഇതേ ലക്ഷ്യങ്ങളോടെയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇത്തരം മണ്ഡലങ്ങളില്‍ നേട്ടമുണ്ടാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
കോഴിക്കോട് മുസ്ലിം ലീഗ് കഴിഞ്ഞതവണ 1157 വോട്ടിന് സിപിഎമ്മിനെ പരാജയപ്പെടുത്തിയ കുറ്റ്യാടി ജോസിന് നല്‍കിയേക്കും. ജോസ് പക്ഷത്തെ നേതാവായ കോട്ടയം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ഇവിടെ മത്സരിച്ചേക്കും. രണ്ടു തവണ പേരാമ്പ്രയില്‍ മത്സരിച്ച ഇഖ്ബാല്‍ കഴിഞ്ഞതവണ 4101 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. വിവിധ ക്രൈസ്തവ സഭകളുമായി കൂടിയ ആശയവിനിമയം നടത്തിയ ശേഷമാണ് ജോസിന്റെ മുന്നണി മാറ്റം എന്നാണ് സൂചന.
അതേസമയം ജോസ് പക്ഷത്തെ മുന്‍നിര നേതാക്കള്‍ ജോസഫ് പക്ഷത്തേക്ക് കൂടു മാറിയത് സിപിഎമ്മിനെ അലട്ടുന്ന വിഷയമാണ്. ഇത്രയധികം സീറ്റുകള്‍ നല്‍കിയാലും ഗുണം ഉണ്ടാകില്ല എന്ന് ചില എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് വിജയിച്ച സീറ്റുകള്‍ ആണെങ്കില്‍ പോലും പരമ്പരാഗതമായി ഇത് യുഡിഎഫ് വോട്ടുകള്‍ ആണ് എന്നത് പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ജോസിലൂടെ ഉദ്ദേശിച്ച ഫലം കിട്ടുമോ എന്ന് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സിപിഎമ്മിന് വ്യക്തമാകും. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ സീറ്റ് വിഭജനം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൂടി ആശ്രയിച്ചാവും ഉണ്ടാക്കുക.

Related Articles

Back to top button