BREAKING NEWSKERALA

ജോസഫ് യുഡിഎഫിന് തലവേദനയാകുമോ? കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുഴുവന്‍ സീറ്റും വേണമെന്ന് ആവശ്യം

കോട്ടയം: ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നില്‍ പി ജെ ജോസഫ് വച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. നേതാക്കളുടെയും അണികളുടേയും വലിയ നിര ഒപ്പമുണ്ടെന്നും ഇത് കണക്കിലെടുത്ത് വേണം തുടര്‍ തീരുമാനങ്ങളെന്നുമാണ് പി ജെ ജോസഫ് പറയുന്നത്,
സീറ്റുമായി ബന്ധപ്പെട്ട അവകാശവാദവുമായി പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയതോടെ തിങ്കളാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്താനാണ് തീരുമാനം.കോട്ടയത്ത് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജോസ് കെ മാണി വിഭാഗം പോയതോടെ കൂടുതല്‍ സീറ്റില്‍ മത്സരിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം ഉള്ളത്. പിജെ ജോസഫ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇക്കാര്യം വലിയ തര്‍ക്കങ്ങളിലേക്ക് പോകുമോ എന്ന ആശങ്കയും യുഡിഎഫില്‍ ഉണ്ട്.
കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ സീറ്റുകളും നിലനിര്‍ത്തണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടെന്ന് പി ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണം വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ച് മാറ്റത്തിന് തയ്യാറെന്നും പിജെ ജോസഫ് പറയുന്നു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളം ആണ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എന്ന് പിജെ ജോസഫ് പരിഹസിച്ചു.
പാലാ ഉപതെരഞ്ഞെപ്പില്‍ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നല്‍കുമായിരുന്നെന്നും പി ജെ ജോസഫ് പറഞ്ഞു

Related Articles

Back to top button