BREAKING NEWSKERALA

കേരളത്തെ വിമര്‍ശിച്ചതല്ല, നമ്മളെ മറ്റുള്ളവര്‍ പാഠമാക്കണമെന്നാണ് കേന്ദ്ര മന്ത്രി ഉദ്ദേശിച്ചതെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: ഓണാഘോഷത്തിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏറ്റവും മോശമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞെന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം തന്നോട് വ്യക്തമാക്കിയെന്നും ശൈലജ പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി ചില കൂടിച്ചേരലുകള്‍ ഉണ്ടായി. അതിനുശേഷം കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു. മറ്റുസംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാല്‍ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന അര്‍ഥത്തിലാണ് അത് സൂചിപ്പിച്ചതെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞതെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
”കോവിഡ് ബാധ ഉണ്ടായ നാള്‍ മുതല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശാസ്ത്രീയമാണെന്നും ശരിയായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്രമന്ത്രി പതിവായി അഭിനന്ദിച്ചിരുന്നു. നല്ല പിന്തുണയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയം നോക്കാതെയാണ് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നത്. ഏറ്റവും മോശമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞാന്‍ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു. എന്നാല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത് ” മന്ത്രി വ്യക്തമാക്കി.
”കോവിഡ് നിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ടത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനാണ്. എന്നാല്‍ ഓണാഘോഷത്തിന്റെ ഭാഗമായി നിര്‍ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചില കൂടിച്ചേരലുകള്‍ ഉണ്ടായി. അതിനുശേഷം കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു. മറ്റുസംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാല്‍ ആളുകളുടെ കൂട്ടായ്മയും മറ്റും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന അര്‍ഥത്തിലാണ് അത് സൂചിപ്പിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത് ” കെ.കെ.ശൈലജ പറഞ്ഞു.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ട്വീറ്റിലുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button