ഭൂമിയിലെ ഏറ്റവും നിഗൂഢമായ പൂച്ചവര്‍ഗമെന്നാണ് മഞ്ഞുപുലികളെ വിശേഷിപ്പിക്കുന്നത്. മധ്യ ഏഷ്യയിലെ വലിയ പര്‍വതങ്ങളാണ് വാസസ്ഥലം. അപൂര്‍വമായി മാത്രമേ ഇവ പ്രത്യക്ഷപ്പെടാറുള്ളൂ. പൂക്കളെപ്പോലെ തോന്നിക്കുന്ന കലകള്‍ ആണ് ശരീരത്തില്‍. നരച്ച നിറമുള്ള ശരീരം മലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാനും മനുഷ്യരെ കണ്ണില്‍പ്പെടാതിരിക്കാനുമുള്ള ഒരു മറയായി മാറുന്നു. ഇന്നലെ അന്താരാഷ്ട്ര സ്‌നോ ലെപഡ് ദിന (International Snow leopard Day 2020) മാണ്. വംശനാശ ഭീഷണി നേരിടുന്ന മഞ്ഞുപുലികളുടെ സംരക്ഷണം ഇനി നിര്‍ണായകമാണ്.
ഏഷ്യയിലെ മലനിരകളിലാണ് ഇവയുടെ താമസം. ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ മഞ്ഞുപുലികള്‍ കാണപ്പെടുന്നു. ഹിമാലയത്തിലും ചൈനയിലെ യാങ്‌സീ നദീതട പ്രദേശങ്ങളിലുമാണ് മഞ്ഞുപുലികള്‍ ജീവിക്കുന്നത് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് വിശദീകരിക്കുന്നു. ചൈന, ഭൂട്ടാന്‍, നേപ്പാള്‍, ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, മംഗോളിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും മഞ്ഞുപുലികളെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ഇത്രയും ഉയരത്തില്‍ ജീവിക്കുന്ന മറ്റൊരു പൂച്ചവര്‍ഗം ഭൂമിയില്‍ ഇല്ല. വലിയ കുന്നിന്‍ചെരിവുകളില്‍ നിഷ്പ്രയാസം കയറാനും ഇറങ്ങാനും ഇവയ്ക്ക് കഴിയും. അപൂര്‍വമായി മാത്രമാണ് ഇവയെ കാണാന്‍ പുറംലോകത്തിന് അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മലനിരകളിലെ ഭൂതം (ghost of the mountains) എന്നൊരു വിളിപ്പേര് ഇവയ്ക്കുണ്ട്. വാലാണ് ഏറ്റവും ശ്രദ്ധേയമായ അവയവം. വാല്‍ കൂടാതെ അഞ്ചടിവരെ മാത്രമേ മഞ്ഞുപുലികളുടെ ശരീരത്തിന് നീളമുണ്ടാകൂ. പക്ഷേ, വാല്‍ മാത്രം ഏതാണ്ട് 36 ഇഞ്ച് നീളമുണ്ടാകും നാഷണല്‍ ജോഗ്രഫിക് പറയുന്നു. മറ്റു പൂച്ചവര്‍ഗങ്ങളെപ്പോലെ ഗര്‍ജിക്കാനുള്ള കഴിവ് ഇവയ്ക്ക് ഇല്ല.
വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് മഞ്ഞുപുലികള്‍. കാലാവസ്ഥാ വ്യതിയാനവും വേട്ടയാടലും ഇവയെ ഇല്ലാതാക്കുമെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നത്. ഭൂമിയില്‍ കൂടിവന്നാല്‍ ആകെ 6390 സ്‌നോ ലെപ്പഡുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ഇവയുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന സ്‌നോ ലെപഡ് ട്രസ്റ്റ് വിശദീകരിക്കുന്നത്.കഴിഞ്ഞ രണ്ട് ദശകത്തിനിടെ 20 ശതമാനത്തോളം മഞ്ഞുപുലികള്‍ ഇല്ലാതായെന്നാണ് ഗവേഷണസ്ഥാപനം അനിമല്‍ ഡൈവേഴ്‌സിറ്റി അവകാശപ്പെടുന്നത്. പ്രാചീന ചൈനീസ് വൈദ്യത്തിനായാണ് ഇവ കൂടുതലും വേട്ടയാടപ്പെടുന്നത്.
ഹിമാലയത്തില്‍ 5000 മീറ്റര്‍വരെ ഉയരത്തിലാണ് മഞ്ഞുപുലികള്‍ ഇന്ത്യയില്‍ കാണപ്പെടുന്നത്. ഇന്ത്യയില്‍ പരമാവധി 500 മഞ്ഞുപുലികള്‍വരെ മാത്രമേ ബാക്കിയുള്ളൂ എന്നാണ് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് ഇന്ത്യയുടെ കണക്ക്. ഇന്ത്യയിലെ സര്‍ക്കാര്‍ പ്രോജക്ട് സ്‌നോ ലെപഡ് എന്ന പേരില്‍ ഒരു സംരക്ഷണ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ഭൂമിയിലെ ഏറ്റവും പ്രയാസപ്പെട്ട ഭൂപ്രദേശത്ത് ജീവിക്കുന്നത് കൊണ്ടു തന്നെ ഇവയെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ല. ഒറ്റയ്ക്കാണ് മഞ്ഞുപുലികള്‍ സഞ്ചരിക്കുന്നത്. അതിരാവിലെയും രാത്രിയുമാണ് ഇരതേടല്‍. പൂച്ചവര്‍ഗത്തിലെ മറ്റു ജീവികള്‍ക്ക് സ്വന്തം വാസസ്ഥലം ഉള്ളതുപോലെ മഞ്ഞുപുലികളും സ്വന്തം പരിധിയിലാണ് ജീവിക്കുക. ഹിമാലയത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ ഇത് 1000 ചതുരശ്ര കിലോമീറ്റര്‍വരെ നീളാം. അതുകൊണ്ടുതന്നെ ഇതേ മേഖലയില്‍ മറ്റൊരു മഞ്ഞുപുലിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. മനുഷ്യരെ വേട്ടയാടുകയോ ആക്രമിക്കുകയോ ചെയ്യുന്നത് ഇവരുടെ സ്വഭാവമല്ല. പ്രധാന ഇരയായ ബ്ലൂ ഷീപ് എന്ന ആടുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ എത്തി ആടുകളെയും നായ്ക്കളെയും തിന്നുന്നത് ഇവയെ മനുഷ്യരുടെ ശത്രുക്കളാക്കിയിരുന്നു.
330 1 minute read