BREAKING NEWSWORLD

ബൈഡന്‍ വൈറ്റ്ഹൗസിന് തൊട്ടരികെ, ട്രംപിനെ കോടതിയും തുണച്ചില്ല

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് അകലത്തില്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാളും മുന്നിലാണ്. ജയിക്കാനായി 270 ഇലക്ടറല്‍ വോട്ടുകള്‍ വേണ്ടതില്‍ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്.
ഇരുകക്ഷികള്‍ക്കും തുല്യശക്തിയുള്ള ചാഞ്ചാട്ടസംസ്ഥാനങ്ങളില്‍പ്പെടുന്ന മിഷിഗനും വിസ്‌കോണ്‍സിനും പിടിച്ചതോടെ 26 വോട്ടുകൂടി നേടിയാണ് വ്യാഴാഴ്ച അമേരിക്കന്‍പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ ലീഡ് നില ഉയര്‍ത്തിയത്. അതേസമയം, ട്രംപ് മെയ്‌നിലെ ഒരുവോട്ടുകൂടി നേടി. ആറ് ഇലക്ടല്‍ സീറ്റുകളുളുള്ള നവോഡയില്‍ 84 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് ബൈഡന്. പ്രസിഡന്റാകാന്‍ ബൈഡന് ഇനി നവോഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ തന്നെ ബൈഡന് 270 തികയ്ക്കാനാകും. ജോര്‍ജിയയില്‍ മികച്ച ലീഡുണ്ടായിരുന്ന ട്രംപിന്റെ ലീഡ് 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ കഷ്ടിച്ച് 3000 വോട്ടിന്റെ മാത്രം വോട്ടായി കുറഞ്ഞു.
ലക്ഷക്കണക്കിന് തപാല്‍വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അന്തിമ ഫലപ്രഖ്യാപനം എന്നുവരുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 20 വോട്ടുകളുള്ള പെന്‍സില്‍വേനിയയിലും 50.7 ശതമാനം വോട്ടുമായി നിലവില്‍ ട്രംപാണ് മുന്നില്‍. അലാസ്‌കയും ട്രംപിനൊപ്പമാണെന്ന സൂചനയാണ് നല്‍കുന്നത്. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ 50.5 ശതമാനം വോട്ടും ബൈഡന്‍ നേടി.
ഇതിനിടെ മിഷിഗനിലേയും ജോര്‍ജിയയിലേയും കോടതിയില്‍ ട്രംപ് ടീം ഫയല്‍ ചെയ്ത കേസുകള്‍ തള്ളി. ജോര്‍ജിയയില്‍ വൈകിയെത്തിയ 53 ബാലറ്റുകള്‍ കൂട്ടികലര്‍ത്തിയെന്നായിരുന്നു ആരോപണം. മിഷിഗനിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. മിഷിഗനില്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലേയും ജഡ്ജിമാര്‍ ട്രംപിന്റെ ആരോപണങ്ങള്‍ തള്ളി. ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.
ബെഡന്‍ മുന്നിട്ട് നില്‍ക്കുന്ന നെവാഡയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ്ഹൗസില്‍ പ്രസ്താവന നടത്തി. സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘അവര്‍ തിരഞ്ഞെടുപ്പ് കവര്‍ന്നെടുക്കാന്‍ ശ്രമിച്ചു’ വൈറ്റ്ഹൗസില്‍ നടത്തിയ അസാധാരണ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. 17 മിനിറ്റോളം നീണ്ടു നിന്ന പ്രസ്താവനയില്‍ ട്രംപ് മാധ്യങ്ങളുടെ ചോദ്യങ്ങള്‍ നേരിടുകയോ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിന് തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല.
‘നിയമവിരുദ്ധ വോട്ടുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിച്ചത്. നിയമപരമായ വോട്ടുകള്‍ എണ്ണുകയാണെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ ജയിക്കും. തിരഞ്ഞെടുപ്പ് കവര്‍ന്നെടുക്കാനുള്ള അവരുടെ ശ്രമം ഞങ്ങള്‍ അനുവദിക്കില്ല’ ട്രംപ് പറഞ്ഞു.
ഇതിനിടെ, വോട്ടെണ്ണലിന്റെ രണ്ടാം ദിവസം ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി.ഒറിഗണിലെ പോര്‍ട്‌ലന്‍ഡില്‍ പ്രതിഷേധം അക്രമാസക്തമായി. ചില സ്ഥലങ്ങളില്‍ ട്രംപ് അനുകൂലികളും തെരുവിലിറങ്ങിയതോടെ സംഘര്‍ഷ സാധ്യത വര്‍ധിച്ചു.
അരിസോനയിലെ ഫീനക്‌സില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തോക്കുകളുമായി എത്തിയ ഇരുനൂറോളം വരുന്ന ട്രംപ് അനുകൂലികള്‍ ക്രമക്കേട് ആരോപിച്ചു പ്രതിഷേധമുയര്‍ത്തി. മിഷിഗനിലെ ഡെട്രോയിറ്റില്‍ വോട്ടെണ്ണല്‍ നിര്‍ത്താനാവശ്യപ്പെട്ടു റിപ്പബ്ലിക്കന്‍ അനുകൂലികള്‍ എണ്ണല്‍കേന്ദ്രത്തില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചു. ഫിലഡല്‍ഫിയ, ലൊസാഞ്ചലസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
അതേസമയം, അവസാന വോട്ടും എണ്ണണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബൈഡന്‍ അനുകൂലികളും തെരുവിലിറങ്ങി. പോര്‍ട്ട്‌ലാന്‍ഡില്‍ തെരുവിലിറങ്ങിയ ട്രംപ് വിരുദ്ധര്‍ കടകള്‍ക്കുനേരേ കല്ലേറു നടത്തി. 11 പേര്‍ അറസ്റ്റിലായി. ന്യൂയോര്‍ക്ക്, ഡെന്‍വര്‍, മിനയപ്പലിസ് തുടങ്ങിയ നഗരങ്ങളിലും പ്രക്ഷോഭകര്‍ അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button