KERALALATEST

വീട് മുടക്കുന്നവര്‍ക്കല്ല വീട് കൊടുക്കുന്നവര്‍ക്കാണ് വോട്ട്; അനില്‍ അക്കരയ്‌ക്കെതിരേ എ.സി മൊയ്തീന്‍

തൃശ്ശൂര്‍: വീട് മുടക്കുന്നവര്‍ക്കല്ല വീട് കൊടുക്കുന്നവര്‍ക്കാണ് വടക്കാഞ്ചേരിയിലെ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് മന്ത്രി എ.സി മൊയ്തീന്‍. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയ്‌ക്കെതിരേയും മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
‘വടക്കാഞ്ചേരിയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അപവാദ പ്രചാരണം തുടങ്ങിയത് സ്ഥലത്തെ എം.എല്‍.എ ആണ്. ഒരു വസ്തുതയും ഇല്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. ലൈഫ് മിഷനില്‍ രണ്ടര ലക്ഷം ആളുകള്‍ക്ക് വീട് വെച്ച് കൊടുത്തുകഴിഞ്ഞു. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ 1600 പേര്‍ ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് ലഭിച്ചവരാണ്. ലൈഫ് മിഷന്‍ വഴി ഭവനരഹിതരായ ആളുകളുടെ ജീവിതാഭിലാഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ച സര്‍ക്കാരിനൊപ്പമാണ് നില്‍ക്കേണ്ടത്. ഈ അപവാദക്കാരോടൊപ്പമല്ല നില്‍ക്കേണ്ടതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. ലൈഫ് മിഷന്റെ 140 ഭവനങ്ങള്‍ ഇപ്പോള്‍ പണി പൂര്‍ത്തീകരിച്ച് നല്‍കേണ്ട സമയമായിരുന്നു. അതിന് സ്ഥലം എം.എല്‍.എ കൊടുത്തൊരു പരാതി ബിജെപി കൂടി ചേര്‍ന്ന് യാതൊരു മാനദണ്ഡവുമില്ലാതെ സിബിഐ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് പണി നിര്‍ത്തിവെപ്പിച്ചു. ഇത്തരം ഒരു സാഹചര്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. വീട് മുടക്കുന്നവര്‍ക്കല്ല വീട് കൊടുക്കുന്നവര്‍ക്കാണ് വോട്ട് എന്ന് വടക്കാഞ്ചേരിയിലെ ജനങ്ങളും തീരുമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലനം കാണാം’, എ.സി മൊയ്തീന്‍ പറഞ്ഞു.
മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വിവാദങ്ങളിലും മാധ്യമപ്രചാരണത്തിലും മാത്രം ശ്രദ്ധിക്കുന്ന ഒരു ജനപ്രതിനിധിക്കും ജനങ്ങളുടെ സംരക്ഷണം ഉണ്ടാകില്ലെന്നാണ് ഈ വിജയം തെളിയിക്കുന്നതെന്നും മന്ത്രി എ.സി മൊയ്തീന്‍
‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളോടൊപ്പമാണ് ജനങ്ങളെന്ന് തെളിയിക്കുന്നതാണ് ഈ വിജയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നന്മയോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിപറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതിന്റെ ജനകീയാസൂത്രണത്തിന്റെ 25ാം വര്‍ഷത്തിലാണ്. 25ാം വര്‍ഷത്തില്‍ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശേഷിയുള്ളവരായി’. വികസനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചു. പ്രളയ സമയത്ത് ജനങ്ങളെ ചേര്‍ത്തു പിടിച്ച് പ്രാദേശിക സര്‍ക്കാരുകളായെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ഇവയൊക്കെ കാരണങ്ങളായെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button