‘തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും’
—- പനച്ചൂരാന്‍
ചലച്ചിത്ര മേഖലയില്‍ നിന്നുള്ള അപ്രതീക്ഷിതമായ വിയോഗമായിരുന്നു അനില്‍ പനച്ചൂരാന്റേത്. മലയാളികളെക്കൊണ്ട് ഏറ്റുപാടിച്ച ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം തിരികെ വരാത്ത യാത്ര ആരംഭിച്ചിരിക്കുന്നത്. അറബിക്കഥയിലെ ക്യൂബ മുകുന്ദന്റെ മടങ്ങിവരവ് ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരു ഗ്രാമം പോലെ ഏറ്റുപാടിക്കാന്‍ ഒരുപിടി കവിതകളമായി പനച്ചൂരാന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്ന ആരാധകരുണ്ട്. പക്ഷേ മടങ്ങിവരവ് അദ്ദേഹം സമ്മാനിച്ച കവിതകളിലൂടെയും പിന്നെ കുറച്ച് ഓര്‍മ്മകളിലും മാത്രമാണ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന സിനിമയിലെ ‘ചോര വീണ മണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന പൂമരം’ എന്നു തുടങ്ങുന്ന ഗാനം ഒരുകാലത്ത് വലിയൊരു വിഭാഗം മലയാളികള്‍ ഏറ്റെടുത്ത ഒന്നാണ്. ഇടതുപക്ഷ സഹയാത്രികര്‍ ഫോണില്‍ റിങ്‌ടോണാക്കിയും കോളര്‍ടൂണാക്കിയും ഈ ഗാനം ഇപ്പോഴും മനസില്‍ കൊണ്ടു നടക്കുന്നു.
ഈ ഗാനത്തിലൂടെ ശ്രദ്ധേയനായി മാറിയ ഗാനരചയിതാവായിരുന്നു അനില്‍ പനച്ചൂരാന്‍. ചോര വീണ മണ്ണില്‍ ഹിറ്റായതോടെ അദ്ദേഹത്തെ തേടിയെത്തിയത് കൈനിറയെ അവസരങ്ങളായിരുന്നു. 2007ലാണ് അറബിക്കഥയും അതിനൊപ്പം ചോര വീണ മണ്ണില്‍ എന്ന ഗാനവും മലയാളികള്‍ ഏറ്റെടുക്കുന്നത്.
അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നു തുടങ്ങുന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. ഇതോടെ കൈനിറയെ അവസരങ്ങളാണ് സിനിമാരംഗത്ത് അനില്‍ പനച്ചൂരാനെ തേടിയെത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഒട്ടുമിക്ക പ്രമുഖരുടെ സിനിമകള്‍ക്കുവേണ്ടിയും അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ചു.
പിന്നീട് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ നിന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനവും അനില്‍ പനച്ചൂരാന്റേതായിരുന്നു. ഇത് തന്റെ മകന് വേണ്ടി എഴുതിയതാണെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അമ്പതോളം സിനിമകള്‍ക്കുവേണ്ടിയും അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം എന്നിവ അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ച പ്രമുഖ സിനിമകളാണ്.