BREAKING NEWSWORLD

കാപ്പിറ്റോളിലെ അഴിഞ്ഞാട്ടം: അപലപിച്ച് ലോകനേതാക്കള്‍

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും ലോകനേതാക്കള്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്.
കാപ്പിറ്റോള്‍ കലാപത്തെ യുഎസ് കോണ്‍ഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങളെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരകൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണെന്നും ബോറിസ് ട്വീറ്റ് ചെയ്തു.
കലാപത്തെ അപലപിച്ച യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസഫ് ബോറെല്‍ യുഎസ് ജനാധിപത്യത്തിനുനേരെയുണ്ടായ ആക്രമണമെന്നാണ് കലാപത്തെ വിശേഷിപ്പിച്ചത്. ‘ലോകത്തിന്റെ കണ്ണില്‍ ഇന്നുരാത്രി അമേരിക്കന്‍ ജനാധിപത്യം ഉപരോധത്തിലാണ്. ഇത് അമേരിക്കയല്ല. നവംബര്‍ മൂന്നിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും ബഹുമാനിക്കപ്പെടണം.’ ബൊറെല്‍ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. വാഷിങ്ടണില്‍ നടന്നത് അമേരിക്കക്കാര്‍ക്ക് ചേര്‍ന്നതല്ല. ജനാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറച്ചുപേരുടെ അക്രമത്തിന് ഞങ്ങള്‍ വഴങ്ങില്ല. ജനാധിപത്യത്തിനു നേരെയുണ്ടായ ഗുരുതരമായ ആക്രമണമെന്നാണ് ക്യാപിറ്റോള്‍ കലാപത്തെ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാനും വിശേഷിപ്പിച്ചത്.
ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ട്രംപ് അനുകൂലികള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് അഭിപ്രായപ്പെട്ടു. ”ട്രംപും അദ്ദേഹത്തിന്റെ അനുകൂലികളും അമേരിക്കന്‍ വോട്ടര്‍മാരുടെ തീരുമാനത്തെ അംഗീകരിക്കുകയും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് അവസാനിപ്പിക്കുകയും വേണം. ജനാധിപത്യത്തിന്റെ ശത്രുക്കള്‍ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നുളള ഈ ചിത്രങ്ങള്‍ കണ്ട് സന്തോഷിക്കും. പ്രകോപനപരമായ വാക്കുകള്‍ അതിക്രമങ്ങളായി മാറുന്നു.’
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും യുഎസ് ക്യാപിറ്റോളിലെ രംഗങ്ങള്‍ ജനാധിപത്യത്തിന് നേരെയുളള ആക്രമണമാണെന്ന് ട്വീറ്റ് ചെയ്തു. യുഎസില്‍ ജനാധിപത്യത്തിന് നേരെയുളള ആക്രമണങ്ങളില്‍ കാനേഡിയന്‍ ജനത വളരെയധികം ദുഃഖിക്കുന്നുവെന്നും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
അത്യധികം ദുഃഖകരമായ രംഗങ്ങളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഭിപ്രായപ്പെട്ടത്. അതിക്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. മഹത്തായ അമേരിക്കന്‍ ജനാധിപത്യ പാരമ്പര്യത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് സമാധനപരമായി അധികാരകൈമാറ്റം തങ്ങള്‍ ആഗ്രഹിക്കുന്നതായും മോറിസണ്‍ പറഞ്ഞു.
‘ജനാധിപത്യം ജനങ്ങളുടെ വോട്ട് ചെയ്യാനുളള അവകാശം, അവരുടെ ശബ്ദം കേള്‍ക്കപ്പെടുക. തുടര്‍ന്ന് അവര്‍ സമാധാനപരമായി ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം ഒരിക്കലും ഒരു ജനക്കൂട്ടം ഇല്ലാതാക്കാന്‍ പാടുളളതല്ല’ ന്യുസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേണ്‍ ട്വീറ്റ് ചെയ്തു.
ക്യാപിറ്റോള്‍ കലാപത്തെ നാറ്റോയും അപലപിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ജോ ബൈഡനെ അടുത്ത പ്രസിഡന്റായി അംഗീകരിക്കൂവെന്നായിരുന്നു ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂത്തെ പറഞ്ഞത്. വാഷിങ്ടണ്‍ ഡിസിയിലുണ്ടായ സംഭവങ്ങളെ നടക്കുത്തോടെയും ആശങ്കയോടെയുമാണ് ഐറിഷ് ജനത നോക്കിക്കാണുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
അമേരിക്കന്‍ ജനാധിപത്യം ആഴത്തില്‍ വേരൂന്നിയതാണെന്നും നിലവിലെ പ്രതിസന്ധികളെ അതിവേഗം തരണം ചെയ്യുമെന്നുമാണ് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോടാകിസ് അഭിപ്രായപ്പെട്ടത്. തുര്‍ക്കിയും അമേരിക്ക അതിവേഗം ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
ജനാധിപത്യത്തിന് നേരെയുണ്ടായ അംഗീകരിക്കാനാവാത്ത ആക്രമണമാണ് ഇത്. ചിട്ടയോടെയും സമാധാനത്തോടെയുമുളള അധികാരക്കൈമാറ്റം ഉറപ്പുവരുത്തണമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.

Related Articles

Back to top button