KERALALATEST

ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചു, കൊച്ചിയില്‍ പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം

കൊച്ചി: എറണാകുളം കളമശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദ്ദനം. മര്‍ദനമേറ്റ കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് നാലുസുഹൃത്തുക്കള്‍ കുട്ടിയെ അതി ക്രൂരമായി മര്‍ദിച്ചത് എന്നാണ് വിവരം. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങള്‍ വൈറലായി. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഇത്തരത്തില്‍ ഒരു വ്യക്തിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിനിമകളില്‍ പോലും കണ്ടിട്ടുണ്ടാവില്ല. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന്റെ പ്രതികാരമാണ് മര്‍ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മര്‍ദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തില്‍ വ്യക്തമാണ്. മര്‍ദനമേറ്റ കുട്ടിക്കും മര്‍ദിച്ചവര്‍ക്കും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂട്ടത്തിലുള്ള ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിക്കുകയായിരുന്നു. (
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ജയില്‍ മുറികളിലും ആഫ്രിക്കന്‍ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തില്‍ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളില്‍ ഉള്ളതിന് സമാനമായ തരത്തില്‍ ക്രിമിനലുകളായ സമപ്രായക്കാര്‍ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു വീടിന്റെ ബാല്‍ക്കണിയില്‍ വെച്ചാണ് മര്‍ദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ മനസിലാകുന്നത്.
അവശനായി തളര്‍ന്നു വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂര്‍ത്ത മെറ്റല്‍ കൂനയില്‍ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതും കേള്‍ക്കാം. സിനിമാ സ്‌റ്റൈലില്‍ ചാടി ചവിട്ടുന്നതും കാണാം. കൂട്ടത്തിലെ ഏറ്റവും ഇളയവനെ കൊണ്ട് കവിളത്ത് തുടര്‍ച്ചയായി അടിപ്പിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ‘നീ ഇനി ഒരു പെണ്ണിന്റെയും പുറകെ നടക്കില്ല’ എന്ന് പറഞ്ഞ് ഇടിക്കുന്നതും കാണാം.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത നിലയിലാണ്. മര്‍ദിച്ച നാല് കൗമാരക്കാരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം അവരുടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Related Articles

Back to top button