BREAKING NEWSNATIONAL

ബജറ്റ് അവതരണ ദിവസത്തെ പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയെ സംഘര്‍ഷഭൂമിയാക്കിയ ട്രാക്ടര്‍ റാലിക്ക് പിന്നാലെ പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചേക്കും. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ ഔദ്യോഗിക പ്രസ്താവന ഇറക്കും. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി ഒന്നിനാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാക്ടര്‍ പരേഡില്‍ വ്യാപക സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കര്‍ഷകരുടെ പുനരാലോചന.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമാധാനപരമായി നടന്നിരുന്ന കര്‍ഷക സമരം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡോടുകൂടി രൂപവും ഭാവവും മാറിയിരുന്നു. പതിനൊന്ന് വട്ടം കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
നവംബര്‍ 26നാണ് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി കര്‍ഷക സംഘടനകള്‍ ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളടച്ച് സമരമാരംഭിച്ചത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക സംഘടനകള്‍ രംഗത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന ട്രാക്ടര്‍ പരേഡ് ഡല്‍ഹി നഗരത്തെ ഒന്നടങ്കം സ്തംഭിപ്പിച്ചിരുന്നു. പ്രതിഷേധക്കാരും പോലീസും വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സേനാവിന്യാസവും ഇന്റര്‍നെറ്റ് വിച്ഛേദനമടക്കമുള്ള നടപടികളും കൈക്കൊള്ളേണ്ടി വന്നിരുന്നു. എന്നാല്‍ സമരത്തില്‍ ചില ആളുകള്‍ നുഴഞ്ഞു കയറി മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.

Related Articles

Back to top button