BREAKING NEWS

ചെങ്കോട്ടയില്‍ സിക്ക് പതാക കെട്ടിയത് പഞ്ചാബി നടന്‍ ദീപ് സിദ്ധു; ഇയാളുമായുള്ള ബന്ധം തള്ളി ബിജെപി നേതാവ് സണ്ണി ഡിയോള്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ കലുഷിതമാക്കിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ കര്‍ഷകര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് കര്‍ഷക സംഘടനകള്‍. പൊലീസിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ സിഖ് മതാനുയായികള്‍ പവിത്രമായി കാണുന്ന നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തിയത് സമരം നടത്തുന്നവരില്‍പ്പെട്ടവരല്ലെന്നാണ് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിക്കുന്നത്.
ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്കു പകരം മറ്റൊരു കൊടി ഉയര്‍ന്നത് വന്‍ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കെയാണ് അതിനു നേതൃത്വം നല്‍കിയത് ആരെന്ന ചോദ്യവും ഉയരുന്നത്. സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താനായിരുന്നു കര്‍ഷകര്‍ തീരുമാനിച്ചതെന്നും അതിലേക്കു ചില സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടച്ചതെന്നുമാണു സംയുക്ത സമര സമിതി ഇന്നലെ വ്യക്തമാക്കിയത്.
അതിനിടെയാണ് കര്‍ഷക സമരങ്ങളില്‍ പരിചിത മുഖമായ പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധുവിന്റെ ഫെയ്‌സ്ബുക് ലൈവ് ചര്‍ച്ചയാകുന്നത്. ‘പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോള്‍ ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്, ദേശീയ പതാക മാറ്റിയിട്ടില്ല’– എന്നാണ് ദീപ് ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കര്‍ഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാന്‍ ദീപ് സിദ്ധുവും ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയും എത്തിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഒരു മൈക്രോഫോണുമായി ദീപ് സിദ്ധു എങ്ങനെയാണ് ചെങ്കോട്ടയില്‍ എത്തിയത് എന്നതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ദീപ് സിദ്ധു കര്‍ഷകരെ വഴിതെറ്റിച്ചു എന്നാണ് ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുര്‍ം സിങ് ചദൂനി അറിയിച്ചത്.
‘സമാധാനപരമായി ട്രാക്ടര്‍ റാലി അരങ്ങേറിയാല്‍ ഞങ്ങള്‍ വിജയിച്ചെന്നും സംഘര്‍ഷമുണ്ടായാല്‍ വിജയിച്ചില്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. കര്‍ഷകരെ തെറ്റായ വഴിയിലേക്ക് നയിച്ചവരാണ് ഈ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍. എന്തുകൊണ്ടാണ്, എന്തിനാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഞങ്ങള്‍ അന്വേഷിക്കും’– ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ സിങ് രജേവാല്‍ പറഞ്ഞു. കര്‍ഷക സമരത്തിനു പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കുന്നവര്‍ പോലും ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്കു പകരം മറ്റൊരു കൊടി ഉയര്‍ന്നതിനെ വിമര്‍ശിക്കുന്നുണ്ട്. അത് കര്‍ഷക സമരത്തെ എങ്ങനെ ബാധിക്കുമെന്ന പ്രശ്‌നം നിലനില്‍ക്കെയാണ് കര്‍ഷക സംഘടനകള്‍ വിശദീകരണവുമായി രംഗത്തുവന്നത്.
1984 പഞ്ചാബിലെ മുക്‌സര്‍ ജില്ലയില്‍ ജനിച്ച ദീപ സിദ്ധു നിയമബിരുദധാരിയാണ്. അഭിനയം മോഹമായിരുന്ന ദീപിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 2015ലാണ്– റംതാ ജോഗി. എന്നല്‍ 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗുണ്ടാ നേതാവിന്റെ വേഷത്തിലൂടെയാണ് ദീപ് ശ്രദ്ധേയനാകുന്നത്.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പുരില്‍ മത്സരിച്ച ബിജെപി നേതാവും അഭിനേതാവുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ ദീപ് സിദ്ധുവും ഭാഗമായിരുന്നു. എന്നാല്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതില്‍ ഖേദം പ്രകടിപ്പിച്ച സണ്ണി ഡിയോള്‍ തനിക്കോ കുടുംബത്തിനോ ദീപുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് പ്രതികരിച്ചത്

Related Articles

Back to top button