പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സ്ഥലം എം.എല്‍.എ മാണി സി. കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം മണി. പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്. പാലായില്‍ കെ.എം. മാണി സ്മൃതി സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജോസ് കെ. മാണിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം.
‘നിയമസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് സാധിക്കും’ മന്ത്രി പറഞ്ഞു.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം ഇടതു മുന്നണിയില്‍ എത്തിയതിനു പിന്നാലെ പാലാ സീറ്റില്‍ മാണി സി. കാപ്പന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇടതു മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് മന്ത്രി എം.എം മണിയുടെ പ്രതികരണം.
അതേസമയം പാലാ സീറ്റ് തനിക്ക് തരില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മാണി സി കാപ്പന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ‘സീറ്റ് ചോദിച്ച് ആരുടെയും പിന്നാലെ എപ്പോഴും നടക്കാന്‍ വയ്യ, പാലായില്‍ താന്‍ തന്നെ മത്സരിക്കും’ പാലാ സീറ്റ് കിട്ടാതെ ഇനി ഒരു ചര്‍ച്ചക്കും പ്രസക്തിയില്ല എന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.