വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് താന്‍ ശനിയാഴ്ച കണ്ണൂരില്‍ കെ.എസ്.ടി.എ ചടങ്ങില്‍ പറഞ്ഞത് വിവാദമായത് പലര്‍ക്കും മനസിലാവാതെ പ്രതികരിച്ചതിനാലാണെന്നു പറഞ്ഞ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അടുത്ത ദിവസം ഇതേക്കുറിച്ച് കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു.
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് വിശദീകരിച്ചതിന്റെ പൂര്‍ണ രൂപം
” ‘മുതലാളിത്ത വികസനപാത കൈകാര്യം ചെയ്യുന്ന ഭരണവര്‍ഗം തന്നെ കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും ധനമൂലധനശക്തികളുടെയും താല്‍പര്യ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പശ്ചാത്തലത്തില്‍, വര്‍ഗീയമായ നിലപാടുകളെ, ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഫലപ്രദമായി പ്രതിരോധിക്കുന്ന പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴാണ് എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദ നിലപാടെന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഇന്നത്തെ ഇന്ത്യന്‍വസ്തുതയിലേക്കുള്ള പ്രവേശനമെന്നും ചൂണ്ടിക്കാണിച്ചത്. ഇതാണ് വസ്തുതാപരമായിട്ടുള്ള കാര്യം.അതായത്, ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദമാണ് പകരം വെക്കേണ്ടത് എന്ന ആശയതലത്തിലുള്ള പ്രധാനപ്പെട്ട കാര്യമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. പക്ഷേ ഫ്യൂഡല്‍ സമൂഹത്തിന്റെ ആശയപരമായ നിലപാട്, അതാണല്ലോ പ്രധാനപ്പെട്ട അടിസ്ഥാനം. ജീര്‍ണമായ സാമൂഹിക അവബോധമാണ് അവര്‍ മുന്നോട്ടേയ്ക്ക് വയ്ക്കുന്നത്. ജീര്‍ണമായ ഒരു നിലപാടാണ്. ആ നിലപാട് അവസാനിപ്പിക്കുന്ന വര്‍ഗവീക്ഷണവും വര്‍ഗനിലപാടുമൊന്നും ഉയര്‍ന്നുവരാത്ത പശ്ചാത്തലത്തില്‍, മുതലാളിത്തം ഭൂപ്രഭുത്വത്തിന്റെ മേലെ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍, വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനു വേണ്ടി യോജിക്കാവുന്ന മുഴുവന്‍ ശക്തികളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അതില്‍ വിശ്വാസികളും അവിശ്വാസികളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്.
അപ്പോള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേര്‍ത്തുകൊണ്ട് ഇന്നത്തെ ഇന്ത്യന്‍ സാഹര്യത്തില്‍ ഫ്യൂഡല്‍ മാടമ്പിത്തരത്തെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും അതിന്റെ ആശയങ്ങളെയും നേരിടുന്നതിന് നമുക്ക് സാധിക്കില്ല.
വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന മാര്‍ക്‌സിയന്‍ പ്രപഞ്ച വീക്ഷണം ഇന്നത്തെ പരിതസ്ഥിതിയില്‍ അത് എങ്ങനെ പ്രയോഗിക്കണം എന്നതാണ് അതിന്റെ പ്രായോഗികത. അല്ലാതെവൈരുധ്യാത്മക ഭൗതികവാദം അവാസാനിക്കുന്നില്ല. അങ്ങനെ പ്രയോഗിക്കുമ്പോഴാണ് ഞാന്‍ പറഞ്ഞത് വിശ്വാസിയായാലും അവിശ്വാസിയായാലും അമ്പലത്തില്‍ പോകുന്നവരായാലും പള്ളിയില്‍ പോകുന്നവരായാലും ചര്‍ച്ചില്‍ പോകുന്നവരായാലും ആ പോകുന്നവരുടെ ജനാധിപത്യാവകാശം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രായോഗികമായ കാഴ്ചപ്പാട്.
അതായത് ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തില്‍, ഒന്നു കൂടി വിശദമായി പറഞ്ഞാല്‍, ജീര്‍ണമായ ഫ്യൂഡല്‍ സംസ്‌കാരത്തിന്റെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത ആശയത്തിന്റെയും പ്രത്യേക പരിതഃസ്ഥിതിയില്‍,ഒന്നു കൂടിപ്പറഞ്ഞാല്‍ 1789ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടത്തിലാണല്ലോ ബൂര്‍ഷ്വാ ഐഡിയോളജി ശക്തിയായി മുന്‍പോട്ടുവച്ച് സമത്വത്തിന്റെ പ്രശ്‌നം, ജനാധിപത്യത്തിന്റെ പ്രശ്‌നം, സ്ത്രീസമത്വത്തിന്റെ പ്രശ്‌നം ഒക്കെ ഉയര്‍ന്നുവന്നിട്ടുള്ളത്. അതിന്റെ ആശയങ്ങള്‍പോലും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ ബൂര്‍ഷ്വ ഐഡിയോളജിയുടെ കാലം എന്നു പറയുന്നത് ഈ ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ മേലെ കെട്ടിപ്പടുത്തതുകൊണ്ട്, അതിന്റെ ജീര്‍ണതയിലായതുകൊണ്ട് അതുപോലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു ഇന്ത്യ. ആ ഇന്ത്യയില്‍ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം എങ്ങനെ പ്രയോഗിക്കണം?
അങ്ങനെ പ്രയോഗിക്കുമ്പോഴാണ് ഞാന്‍ പറഞ്ഞത്, എല്ലാ വിശ്വാസികളെയും എല്ലാ അവിശ്വാസികളെയും, അമ്പലത്തില്‍പോകുന്നവരെയും പള്ളിയില്‍ പോകുന്നവരെയും ചര്‍ച്ചില്‍ പോകുന്നവരെയും എല്ലാം കൂട്ടായിട്ട് ചേര്‍ത്ത് വര്‍ഗപരമായി, എന്ന് പറഞ്ഞാല്‍ ആശയപരമായല്ല: വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന തര്‍ക്കത്തിലല്ല;വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന തര്‍ക്കം മൗലികവുമല്ല.അപ്പോ വിശ്വാസിയായാലും അവിശ്വാസിയായാലും അവരെയെല്ലാം ചേര്‍ത്തുകൊണ്ട് അവരവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ യോജിപ്പിച്ചു മുന്നോട്ടേയ്ക്കു പോവുക, അങ്ങനെ മുന്നോട്ടേക്ക് പോവുന്നതില്‍ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം ഞങ്ങളെ സംബന്ധിച്ച് ഒരു പ്രശ്‌നമുള്ള കാര്യമേയല്ല. അത് ഞങ്ങള്‍ പരിഗണിക്കുന്നില്ല.അതുകൊണ്ട് വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കുമെല്ലാം യോജിച്ച് മുന്നോട്ടേക്ക് പോവാനുള്ള സാധിക്കുന്ന ഒരു പശ്ചാത്തലം ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. ആ നിലപാടാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രയോഗമെന്ന രീതിയില്‍ നമുക്കിന്ന് ഇന്ത്യയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുക. ഇതാണ് പറഞ്ഞതിന്റെ ചെറിയ സംഭവം. ഒന്നൊന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദാര്‍ശനിക പ്രസംഗമാണ് കൈകാര്യം ചെയ്തത്. അതിന്റെ ചെറിയൊരു ഭാഗം മാത്രം നിങ്ങളോട് പറഞ്ഞെന്ന് മാത്രമേയുള്ളു.
വര്‍ഗവിപ്ലവം ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ല. ” ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.