BREAKING NEWSKERALALATEST

മേഴ്‌സിക്കുട്ടിയമ്മ ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും, ജയരാജനും പങ്ക് : ചെന്നിത്തല

കൊല്ലം: ഇ.എം.സി.സി. അഴിമതി ആരോപണത്തില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും വ്യവസായ വകുപ്പുമന്ത്രി ഇ.പി. ജയരാജനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളതീരത്ത് അമേരിക്കന്‍ കമ്പനി ഇ.എം.സി.സിക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് ചെന്നിത്തല ഇന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ ആരോപണം മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചു. ഇതിനു പിന്നാലെയാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തിയത്.
കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാന്‍ വേണ്ടി 400 വിദേശ ട്രോളറുകള്‍ക്കും അഞ്ച് മദര്‍ഷിപ്പുകള്‍ക്കും ഇ.എം.സി.സി. കമ്പനിക്ക് കരാര്‍ ഉറപ്പിച്ച മന്ത്രിയാണ് മേഴ്‌സിക്കുട്ടിയമ്മയെന്ന് ചെന്നിത്തല പറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മയുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി പദ്ധതി സ്വാഗതം ചെയ്യുന്നുവെന്നും ഇ.എം.സി.സിയുടെ കത്ത് പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം നടത്താന്‍ മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചുവെന്നും ഇ.എം.സി.സിയുടെ കത്തിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ന്യൂയോര്‍ക്കില്‍ പോയത് യു.എന്‍. ചര്‍ച്ചയ്ക്കാണെന്ന് മന്ത്രി പറയുന്നു. എന്നാല്‍ മന്ത്രി തങ്ങളുമായി 2018ല്‍ ചര്‍ച്ച നടത്തിയെന്ന് കമ്പനി പറയുന്നു. ഇനിയും ഒളിച്ചു കളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടുമെന്ന് മേഴ്‌സിക്കുട്ടിയമ്മയോടു പറയാന്‍ ആഗ്രഹിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മന്ത്രി ഇ.പി. ജയരാജനും ഈ കാര്യത്തില്‍ പങ്കുണ്ട്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടോം ജോസ് ആണ്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ചെറിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി പോകുന്നത് എന്തിനാണെന്ന് ഞങ്ങളൊക്കെ വിചാരിച്ചിരുന്നു. ഇപ്പോഴാണ് മനസ്സിലായത് പോയതിന്റെ ഉദ്ദേശ്യമെന്താണെന്ന്. 5,000 കോടിരൂപയുടെ നിക്ഷേപം കേരളത്തില്‍ കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന്റെ ആത്യന്തികഫലം എന്താകും? കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
ഇ.എം.സി.സി. കമ്പനിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസ്ഥാനത്തെ ഫിഷറീസ് നയം തിരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ട്രോളറുകള്‍ നിര്‍മിക്കാനുള്ള കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും മന്ത്രി പറയുന്നു, ഞാന്‍ അറിഞ്ഞില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
കള്ളത്തരം കയ്യോടെ പിടിച്ചപ്പോള്‍ എന്റെ മനോനില നഷ്ടപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. എന്റെ മനോനിലയ്ക്ക് ഒരു കുഴപ്പവുമില്ല. സാധാരണ, മനോനില നഷ്ടപ്പെട്ടവരാണ് മറ്റുള്ളവര്‍ക്ക് മനോനില നഷ്ടപ്പെട്ടുവെന്ന് പറയാറുള്ളത്. സത്യം പുറത്തു വരുമെന്ന് ഇവരാരും കരുതിയില്ല. 5000 കോടിയുടെ നിക്ഷേപം നടത്താന്‍ വേണ്ടി ധാരണാപത്രം ഒപ്പിട്ടു. അസെന്‍ഡ് കേരള കൊച്ചിയില്‍ നടന്നു. ചേര്‍ത്തല പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് നാലേക്കര്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. വ്യവസായ വകുപ്പുമന്ത്രിയും ഇതിനകത്തെ പ്രതിയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Back to top button