ന്യൂഡല്‍ഹി: ടൂള്‍കിറ്റിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ദിഷ രവിക്കു പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെ. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇറക്കിയ ടൂള്‍കിറ്റില്‍ കുട്ടിച്ചേര്‍ക്കലുകളും മറ്റും 22 കാരിയായ ദിഷ രവി നടത്തിയെന്നും അത് രാജ്യദ്രോഹ കുറ്റമാണെന്നും പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
‘സംസാരിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനും സമ്മേളിക്കാനുമുള്ള അവകാശവും ഒഴിച്ചു കൂടാനാവാത്ത മനുഷ്യാവകാശങ്ങളാണ്. ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം’. #Standwithdisha എന്ന ഹാഷ്ടാഗോടെയാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്.
ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ചെയ്ത ട്വീറ്റ് എംബഡ് ചെയ്തുകൊണ്ടായിരുന്നു ദിഷ രവിക്ക് പിന്തുണയര്‍പ്പിച്ച ഗ്രെറ്റ ട്വീറ്റ് ചെയ്തത്.
”എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുന്നതിനായി, സമാധാനപരമായും ആദരവ് നിലനിര്‍ത്തിയും ശബ്ദമുയര്‍ത്തുമെന്ന് ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ (എഫ്എഫ്എഫ്) ട്വീറ്റ് ചെയ്തിരുന്നു. 2018 ഓഗസ്റ്റില്‍ 15 വയസുള്ളപ്പോള്‍ ഗ്രെറ്റ സ്ഥാപിച്ചതാണ് ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ (എഫ്എഫ്എഫ്).