MOBILETECH

വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം: മേയ് 15നു ശേഷവും അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

പുതുക്കിയ സ്വകാര്യതാ നയം മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. തുടർന്നും ഈ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉപയോക്താക്കളിൽ നിന്നടക്കം വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നിരുന്നാലും, പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകുമെന്നാണ് വാട്ട്‌സ്ആപ്പ് അറിയിക്കുന്നത്. പുതുക്കിയ സ്വകാര്യതാ നയം മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. മെയ് 15 നകം പുതിയ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കാം.

പുതിയ സ്വകാര്യതാ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് 120 ദിവസത്തേക്ക് കൂടി അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും. എന്നാൽ, ഈ സമയത്ത്, വാട്സ്ആപ്പിന്റെ പ്രവർത്തനം പരിമിതമായാവും ഉപഭോക്താവിന് ലഭ്യമാവുക. “കുറച്ച് സമയത്തേക്ക്, നിങ്ങൾക്ക് കോളുകളും നോട്ടിഫിക്കേഷനുകളും സ്വീകരിക്കാൻ കഴിയും, പക്ഷേ അപ്ലിക്കേഷനിൽ നിന്ന് സന്ദേശങ്ങൾ വായിക്കാനോ സന്ദേശങ്ങൾ അയയ്‌ക്കാനോ കഴിയില്ല, വാട്ട്‌സ്ആപ്പിന്റെ ഔദ്യോഗിക എഫ്എക്യു പേജിൽ പറയുന്നു

മെയ് 15 ന് ശേഷമുള്ള ഈ 120 ദിവസ കാലാവധിക്കുള്ളിലും നിബന്ധനകൾ അംഗീകരിക്കാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടികൾ വാട്ട്‌സ്ആപ്പ് സ്വീകരിക്കും. വാട്ട്‌സ്ആപ്പ് ആ ഉപയോക്തൃ അക്കൗണ്ട് ഇല്ലാതാക്കും. ഈ അക്കൗണ്ടുകൾക്ക് അവരുടെ എല്ലാ വാട്ട്‌സ്ആപ്പ് ചാറ്റുകളും ഗ്രൂപ്പുകളും നഷ്‌ടപ്പെടും. അതിനുശേഷം അതേ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിച്ച് ആദ്യം മുതൽ എല്ലാം ആരംഭിക്കേണ്ടിവരും. പക്ഷേ അപ്പോഴും ആദ്യം പുതിയ സ്വകാര്യത നിബന്ധനകൾ അംഗീകരിക്കേണ്ടി വരും.

സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനുള്ള വാട്ട്‌സ്ആപ്പ് തുടരുന്നുണ്ട്. പുതിയ സ്വകാര്യതാ നയം വെളിപ്പെടുത്തിയതിന് ശേഷം വാട്ട്‌സ്ആപ്പിന് വലിയ തിരിച്ചടി ലഭിച്ചിരുന്നു. അതിനാൽ പുതിയ സ്വകാര്യതാ നയം യഥാർത്ഥത്തിൽ എന്താണ് മാറുന്നതെന്ന് വിശദീകരിക്കാൻ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെഭാഗമായി, വാട്ട്‌സ്ആപ്പ് ഇതിനകം സ്വന്തം സ്റ്റാറ്റസ് അപ്‌ഡേറ്റ് പേജ് വഴി അറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ അപ്ലിക്കേഷനിൽ ഒരു പുതിയ ബാനർ പ്രദർശിപ്പിക്കാനും തയ്യാറായി.

ഈ എല്ലാ രീതികളിലൂടെയും, ഉപയോക്താക്കളുടെ ചാറ്റുകൾ സ്വകാര്യമായി തുടരുമെന്നും പുതിയ സ്വകാര്യതാ നിബന്ധനകൾക്ക് ശേഷവു എൻ‌ക്രിപ്റ്റ് ചെയ്യുമെന്നും ബിസിനസ്സ് അക്കൗണ്ടുകളുമായുള്ള ചാറ്റുകളിലേക്ക് കമ്പനികൾക്ക് ആക്സസ് ലഭിക്കുന്നത് “പൂർണ്ണമായും ഓപ്ഷണൽ” ആണെന്നും അപ്ലിക്കേഷൻ ഉറപ്പുനൽകുന്നു.

“ഞങ്ങൾക്ക് ഇവിടെ കൂടുതൽ നന്നായി ചെയ്യാൻ കഴിയുമായിരുന്ന കാര്യങ്ങളാണ് ഞങ്ങൾ പരിശോധിക്കുന്നത്. എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനെ പിന്തുണയ്ക്കുന്നതാണ് ഞങ്ങളുടെ ചരിത്രമെന്നും ആളുകളുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവരും അറിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു, ” വാട്സ്ആപ്പ് ഈ മാസം ആദ്യം പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

Related Articles

Back to top button