ARTICLESWEB MAGAZINE

സ്ത്രീപ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളില്‍

ജയശ്രീ ചാത്തനാത്ത്

സ്വാതന്ത്ര്യാനന്തരം 73 വര്‍ഷങ്ങള്‍ പിന്നിട്ട ഭാരതത്തില്‍, 1950 മുതല്‍ നിലവിലുള്ള അതുല്യമായൊരു ജനാധിപത്യ ഭരണഘടന നിലവിലുള്ള ഭാരതത്തില്‍, ഇന്നും  ഏട്ടിലെ പശുവായി മാത്രം നിലനില്‍ക്കുന്ന  ഒരു കാര്യമാണ് ‘തുല്യത’ പ്രത്യേകിച്ച് ‘നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം’.  കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീകക്ഷികളും ഒരേ പോലെയാണീ വിഷയത്തില്‍.1957 ല്‍ കേരള സംസ്ഥാനത്തെ ആദ്യമന്ത്രിസഭയില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായി ഗൗരിയമ്മയുണ്ടായിരുന്നു. തുടര്‍ന്ന് സ്ത്രീ പ്രാതിനിധ്യം ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന ഒരവസ്ഥ നാം കാത്തിരുന്നതല്ലാതെ സംഭവിക്കുകയുണ്ടായില്ല.  രാഷ്ട്രീയം എന്നുംപുരുഷ കേന്ദ്രീകൃതമായി തുടര്‍ന്നു-തുടരുന്നു. ഭരിക്കാനറിയാഞ്ഞല്ല സ്ത്രീകള്‍ പിന്നോട്ട് പോയത്അവരെ രാഷ്ട്രീയകക്ഷികളില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുകളിലും അവര്‍ മാറ്റി നിര്‍ത്തപ്പെട്ടു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ വര്‍ദ്ധിച്ചു. അവരുടെ പണത്തിന് എവിടെയും അയിത്തമില്ല. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരുമ്പോള്‍ അഴിമതി കുറയും പുരുഷന്മാര്‍ക്ക് വര്‍ദ്ധിച്ച തോതില്‍ അഴിമതി കാണിക്കാനാവില്ല എന്നതുതന്നെയാണ് സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെട്ടതിന്റെ പ്രധാന കാരണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം വേണ്ടി വന്നു-അതേപോലെ സംവരണം വേണമെങ്കില്‍ അതുകൊണ്ടുവരണം. ഭരണഘടനയെ അംഗീകരിക്കുന്നുവെങ്കില്‍ തുല്യതയും അംഗീകരിക്കുകതന്നെ വേണം.മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവാണ് സാക്ഷര പ്രബുദ്ധ കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം. കഴിഞ്ഞ നിയമസഭയില്‍ 6.4% സ്ത്രീ പ്രാതിനിധ്യമാണ് ഉണ്ടായിരുന്നത്.  ഇത് അപലപനീയമാണ്.  സ്ത്രീപ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിക്കേണ്ടതാണ്.  52% സ്ത്രീകളുള്ള നാട്ടില്‍, അത്രയുംതന്നെ സ്ത്രീപ്രാതിനിധ്യം നിയമനിര്‍മ്മാണ സഭകളില്‍ ഉണ്ടാവണം.
2) ഭരണഘടനയിലെ സ്ത്രീപുരുഷസമത്വം.
ശബരിമല വിഷയം വന്നതോടെയാണ് സ്ത്രീപുരുഷ സമത്വം പ്രത്യേകിച്ചും ഭരണഘടനയില്‍ ഉള്ളത് ചര്‍ച്ച ചെയ്യപ്പെട്ടത്. സാധരണയായി ‘സ്ത്രീപുരുഷ സമത്വം’ പറയുന്നവരെ ഫെമിനുസ്റ്റുകളായി ചിത്രീകരിച്ചു കളിയാക്കലാണ് പതിവ.് ഫെമിനിസ്റ്റ് എന്ന വാക്ക് അത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്.  ജയിക്കാനാവാത്ത ഇടങ്ങളില്‍ പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍ വക്രീകരിച്ച് കളിയാക്കി അരുകിലാക്കാറുണ്ട്.  അതു തന്നെയാണ് സ്ത്രീയുടെ കാര്യത്തിലും സംഭവിക്കുന്നത്.  ഫെമിനിസ്റ്റ് എന്നാല്‍ ‘സ്ത്രീവാദി’ തന്നെയാണ്.  എന്തുകൊണ്ടാണ് സ്ത്രീവാദിയാവേണ്ടി വരുന്നത്?  അര്‍ഹമായതെല്ലാം കയ്യില്‍ നിന്നു പിടിച്ചു വാങ്ങുമ്പോഴാണത്.  സ്ത്രീയുടെ ജനനം മുതല്‍ മരണംവരെ അവളുടെ എല്ലാ ഇടങ്ങളും, എല്ലാ സ്വത്തുക്കളും, എല്ലാ കഴിവുകളും, എല്ലാ അവകാശങ്ങളും എല്ലാ സ്വാതന്ത്ര്യങ്ങളും പിടിച്ചു വാങ്ങുന്നു.  അതില്‍ അച്ഛനും, ആങ്ങളയും, ഭര്‍ത്താവും മകനും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും വ്യത്യാസമില്ല.ഇതു തിരിച്ചറിയുന്ന സ്ത്രീകള്‍ പ്രതികരിക്കും.  അതോടെ നിയന്ത്രണങ്ങളുടെ കാണാച്ചരടുകളും മുറുകുന്നു. സ്വാംശീകരിച്ച അടിമത്വം അനുശീലനം ചെയ്യപ്പെട്ടവര്‍ ജീവിതം കരഞ്ഞു തീര്‍ക്കുന്നവരും, അടിമത്വം ആസ്വദിക്കുന്നവരും (ചങ്ങലയെ സ്‌നേഹിക്കുന്നവര്‍), അതു തന്നെ സുഖലാവണമാക്കുന്നവരും ഉണ്ട്.
കരഞ്ഞു തീര്‍ക്കുന്നവര്‍ സ്‌നേഹം ബലഹീനതയായി കൊണ്ടു നടക്കുന്നവരാണ് കൂടുതലും.  മറ്റൊരു വിഭാഗം വൈകി തിരിച്ചറിവു ലഭിക്കുന്നവരാണ്-അവര്‍ തിരിച്ചെടുക്കാനാവത്ത വിധം ചില പ്രശ്‌നങ്ങളാല്‍ ബന്ധിതരാവും(ഉദാ:- ബുദ്ധിമാന്ദ്യമുള്ള, വൈകല്യമുള്ള കുട്ടികള്‍, കുഞ്ഞുങ്ങള്‍ ആപത്തില്‍പ്പെടാനിടയുള്ള കുടുംബങ്ങള്‍ അങ്ങനെ ചിലത്). ഇവരൊക്കെ ജീവിതം കരഞ്ഞുതീര്‍ക്കുന്നവരില്‍പ്പെടും..
അച്ഛനില്‍ നിന്നായാലും, ഭര്‍ത്താവില്‍ നിന്നായാലും ആങ്ങളയില്‍ നിന്നായാലും മകനില്‍ നിന്നായാലും ബന്ധുക്കളില്‍ നിന്നായാലും ഗുരുജനങ്ങളില്‍ നിന്നായാലും സൗഹൃദങ്ങളില്‍ നിന്നായാലും’അടിമത്വം’ സ്വാംശീകരിച്ച് ആസ്വദിച്ച്, അതില്‍ രമിച്ച് എല്ലാവരെക്കൊണ്ടും നല്ലതു പറയാന്‍ നടക്കുന്ന അടിമത്വം ‘ആസ്വദിക്കുന്നവരുണ്ട്’.  അവരെ ആര്‍ക്കും രക്ഷിക്കാനാവില്ല.  കാരണം-രക്ഷപ്പെടാന്‍ അവരാഗ്രഹിക്കുന്നുമില്ല. ഇവര്‍ അവരെ മാത്രമല്ല മറ്റു സ്ത്രീകളെക്കൂടി അപകടത്തില്‍ ചാടിക്കും. മക്കളടെകൂടി ജീവിതം തകര്‍ക്കുന്നവരാണിവര്‍.
ഇനി മറ്റൊരു കൂട്ടരുണ്ട്-അടിമത്വത്തെ അംഗീകരിക്കുന്നവരാണിവര്‍.  എന്നാല്‍ സ്വന്തം കാര്യങ്ങള്‍ നേടാന്‍ വലിയ സാമര്‍ത്ഥ്യമുള്ളവരാണിവര്‍.  ഉദാ:-എല്ലാം ചേട്ടന്‍ പറയണപോലെ’ എന്നേ ഇവര്‍ പറയൂ.  എന്നാല്‍ ഇവര്‍ക്കിഷ്ടമുള്ളതെല്ലാം മറ്റാരുമറിയാതെ ഇവര്‍ ചെയ്യും വല്ലാത്തൊരു കഴിവാണിതിന്.  ഭര്‍ത്താവിന്റെ പണമുപയോഗിച്ച് എല്ലാം സ്വന്തമായി നേടുകയും അമിത സ്‌നേഹവും അനുസരണവും കാണിക്കുകയും ചെയ്യും.  ഇവരാണ് ഭാര്യ എന്ന സ്ത്രീ പദവിയെ സുഖലാവണമാക്കിയവര്‍.  ഇവര്‍ എല്ലാവരെക്കൊണ്ടും നല്ലതു പറയിപ്പിക്കുന്നത് അഭിനയമികവുകൊണ്ടാണ്. ജീവിതത്തില്‍ ഇവര്‍ ഇവരേക്കാളും മറ്റാരേയെങ്കിലും സ്‌നേഹിക്കുന്നുണ്ടോ എന്നു സംശയമാണ്.  മക്കളെ സ്‌നേഹിച്ച് ഇവര്‍ വഴിതെറ്റിക്കും.ഭര്‍ത്താവിന്റെ കൊള്ളരുതായ്മകളില്‍ ഗൗരവമായി കുറ്റപ്പെടുത്തുകയോ ഇടപെടുകയോ.  ഇവരാണ് ചേട്ടന്‍ പറയണപോലെ എന്നു പറഞ്ഞ് ചേട്ടനെ വിറ്റ് വിലമാറുന്നവര്‍. ചിലപ്പോഴൊക്കെ കണ്ണടച്ചു പാലു കുടിക്കുന്നവരുമാണ്.
ഇവിടെ ഭരണഘടനയിലെ ‘സ്ത്രീപക്ഷം’ വെളിപ്പെടുത്തപ്പെടുമ്പോള്‍ ഉള്‍ക്കൊള്ളാനാവത്തവര്‍ മതവാദികളും പുരുഷന്മാരും മാത്രമല്ല, സ്ത്രീകളും കൂടിയാണ്.  കാരണം-ജനാധിപത്യം എന്നത് ‘വോട്ടവകാശ’ ത്തിലൊതുക്കിയ ജനതയാണ് നമ്മള്‍.  അതിനപ്പുറമുള്ള സ്ത്രീവാദമൊക്കെ പുരോഗമനമാണ്.  പുരോഗമനം എന്നാല്‍ നാട്ടില്‍ നടന്നുകൂടാത്ത കാര്യമാണല്ലോ.  ഞങ്ങള്‍ അത്രക്കൊന്നും പുരോഗമിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ ‘ഭരണഘടനയല്ല ഞങ്ങളുടെ ചിട്ടയാണ് ശരി’ എന്നു പറയാതെ പറയുകയാണവര്‍.  ഭരണഘടനാ ലംഘനം കുറ്റകൃത്യമാണെന്ന് ആരും അവരെ പറഞ്ഞു മനസ്സിലാക്കിയില്ല.  ജനാധിപത്യത്തിന്റെ അര്‍ത്ഥം അവര്‍ സ്‌കൂളിലും കോളേജിലും വീട്ടിലും സമൂത്തിലും നിന്നും പഠിച്ചിട്ടില്ല.. ‘ജനപ്രതിനിധി’ യെന്നാല്‍ മുഴുവന്‍ നിയോജകമണ്ഡലത്തിലെയും ആബാലവൃദ്ധം ജനങ്ങളുടെ പ്രതിനിധിയും അവര്‍ ജനങ്ങളുടെ സേവകാരാണെന്നും അവര്‍ പഠിച്ചിട്ടില്ല. നമ്മുടെ  ‘ചരിത്രബോധില്ലാത്ത പാരമ്പര്യദാസ്യം’ അവരെ പഠിക്കാന്‍ അനുവദിച്ചിട്ടില്ല.  സമത്വബോധത്തിലെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തെ അവരുടെ കണ്ണുകള്‍ക്ക് താങ്ങാനാവില്ല.  അവരുടെ ആസ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.  അതു പൗരാവബോധമല്ല-പ്രജാവബോധമാണ്.  ബാല്യകൗമാരങ്ങള്‍ക്കുളളില്‍ത്തന്നെ അവളിലതുറച്ചുകഴിഞ്ഞു.  മേല്‍പ്പറഞ്ഞ മുന്നുകൂട്ടരുടെയുമിടയില്‍ നിന്നു പുറത്തു വരുന്നവരാണ് പൗരാവബോധത്തിലേക്ക് ചുവടു വെക്കുന്നവര്‍.  അവരെ നിവര്‍ന്നു നില്‍ക്കാന്‍ അനുവദിക്കാതെ ‘ഫെമിനിച്ചി’ എന്ന ഓമനപ്പേരിട്ടുകളിയാക്കാന്‍സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരുമുണ്ടാവും.  അതെല്ലാം അവഗണിക്കാനുള്ള കരുത്തു കൂടിയുള്ള സ്ത്രീക്കേ സ്ത്രീവാദിയാവാനും ഭരണഘടനയിലെ ആര്‍ട്ടിക്കിളി-നെക്കുറിച്ചു സംസാരിക്കാനും കഴിയൂ.  അവരാണ് ജനാധിപത്യവാദികളായ സ്ത്രീകള്‍.  അവര്‍മാത്രമേ തുല്യതക്കായി ഭരണഘടന ഉയര്‍ത്തിപ്പിടിക്കു.  സ്വാതന്ത്ര്യ ബോധം പൗരാവബോധവും രാഷ്ട്രീയബോധവുമായി പരിണമിക്കുമ്പോള്‍ നിയമ നിര്‍മ്മാണ സഭകളിലെ അസമത്വം അവര്‍ വിളിച്ചു പറയാന്‍ തുടങ്ങും.  ആദ്യം അത് പാര്‍ട്ടികളിലും പിന്നീടത് നിയമനിര്‍മ്മാണ സഭകളിലുമെത്തണം.  ജനാധിപത്യത്തിന്റെ പുഷ്‌ക്കലകാലം തുടങ്ങുന്നത് അപ്പോഴാണ്.  തുല്യപ്രാതിനിധ്യത്തിലേക്കതുയരണം.
കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് ഇന്ന് നാം അണുകുടുംബ വ്യവസ്ഥിതിയിലെത്തി.  ഇതി വലിയൊരു പുരോഗമനമല്ലേ എന്നെല്ലാവരും ചോദിക്കാറുണ്ട്.  തീര്‍ച്ചയായും-ഒരുപാടു പേരെ അനുസരിക്കേണ്ടിയിരുന്ന ഭാര്യക്ക് ഇപ്പോള്‍ ഭര്‍ത്താവ് എന്ന പുരുഷനെ മാത്രം അനുസരിച്ചാല്‍ മതി എന്നാണല്ലോ പറയുന്നത്.  ബാല്യ കൗമാരങ്ങളില്‍ അച്ഛനും ആങ്ങളയും സ്ത്രീയുടെ മനസ്സില്‍ വരച്ചിട്ട ചിത്രങ്ങള്‍ മരണംവരെ മായാല്‍ പ്രയാസമാണ്.  അമ്മയുടെ അടിമത്വവും സഹനവും കണ്ടവര്‍ ഇത് പുരോഗമനമല്ല എന്ന് തിരിച്ചറിഞ്ഞാലും ആ നീതികേടിനെ ന്യായീകരിക്കുന്നത് ‘എന്റെ വീട്ടില്‍ ഞാനിങ്ങനെ കണ്ടിട്ടില്ല’ എന്നു പറഞ്ഞുകൊണ്ടാവും.  അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകം അവളെ അതിശയിക്കുമ്പോഴും, കുഞ്ഞുങ്ങള്‍ക്ക് അവള്‍ ഓതിക്കൊടുക്കുന്നത് ‘എന്റെ വീട്ടിലെ’ ശരികളാവും.  ഇവിടെ കുട്ടികള്‍ അവരെ ഞെട്ടിക്കുന്നു.  കാരണം-സ്ത്രീപുരുഷ സൗഹൃദത്തെ, സൗഹൃദമായി കാണാന്‍ ഇന്നത്തെ കുട്ടികള്‍ക്കറിയാം. എന്നാല്‍ വേവലാതിയോടെ ‘അന്യവീട്ടി’ലേക്കുള്ള ഗൃഹപ്രവേശനത്തിനുള്ള തയ്യാറെടുപ്പില്‍ പാകപ്പെടുത്തേണ്ടതെങ്ങനെ എന്ന് അമ്മ ചിന്തിച്ചും പ്രവര്‍ത്തിച്ചും കൊണ്ടേയിരിക്കും.  കാരണം-‘എന്റെ വീട്’ പറിച്ചു നടാന്‍ ശ്രമിക്കുകയാണല്ലോ അവര്‍.  കളികളില്‍, കളിപ്പാട്ടങ്ങളില്‍, ഭക്ഷണത്തില്‍ ജോലികളില്‍, വിദ്യാഭ്യാസത്തില്‍ എല്ലാം പാരമ്പര്യദാസ്യം അനുവര്‍ത്തിപ്പിക്കാനുള്ള ഈ പരിശീലനം അനുശീലനമാവാതിരിക്കാന്‍ ‘വിദ്യാഭ്യാസം’ കൊണ്ടുകഴിയണം.  കുടുംബം എന്ന യൂണിറ്റിലെ ജന്മംകൊണ്ട് മഹാനായി ജനിച്ചവനായ ആണിനെ പുറംതള്ളി സമത്വത്തിലേക്ക് ചുവടുകള്‍ വെക്കുന്ന വീട്ടമ്മയാണ് ജനാധിപത്യത്തിനാവശ്യമുളളത്, നല്ല പൗരസമൂഹത്തിനാവശ്യമുള്ളത് അതിന് കുടുംബത്തില്‍ ജനാധിപത്യം ഉണ്ടാവണം.  അതു ഉണ്ടാക്കിയെടുക്കാന്‍ അവകാശബോധമുള്ള സ്ത്രീക്കു മാത്രമെ കഴിയു. മാത്രമല്ല-കഴിഞ്ഞകാലത്തെ ജനാധിപത്യമില്ലായ്മ (പ്രജാവബോധം) ഒരു പൊന്‍തൂവലായി കൊണ്ടു നടക്കുന്നവര്‍ക്ക് ഇക്കാലത്തെ കുട്ടികളെക്കൂടി കുറച്ചു വഴിതെറ്റിക്കാനാവും.  എന്നാലു സാഹചര്യങ്ങള്‍ അവരെ മാറ്റിമറിക്കുക തന്നെ ചെയ്യും. കാലം വളരെ വേഗത്തിലാണ് മുന്നോട്ടോടുന്നത്.  മാറാത്തവരെ മാറ്റുന്ന ‘ഏകലോകം’ വൈവിദ്ധ്യത്തെ ഇല്ലാതാക്കുന്നുവെന്ന് വിപുലമായ അര്‍ത്ഥ വ്യാഖാനത്തില്‍ മനസ്സിലാവും.  മനുഷ്യത്വവും മനുഷ്യത്വമില്ലായ്മയും പോലും പ്രദര്‍ശാനാഭിമുഖ്യത്തില്‍ കുടുങ്ങികിടക്കുന്നു. കൂടുതല്‍ കൂടുതല്‍ അങ്ങനെത്തന്നെയ്യിരിക്കുകയും ചെയ്യും.  ഇത് ജനന-മരണത്തോളം മാത്രമല്ല-ആരോഗ്യാധിഷ്ഠിതമായും അങ്ങനെയായിത്തീരും.
രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയോട് നീതി പുലര്‍ത്താത്തതെന്തുകൊണ്ട്?
റജിസ്‌ട്രേഷന്‍ മുതല്‍ ചിലവുകളാണ്.  സേവനമാണല്ലോ ലക്ഷ്യം.  വരവില്ലാത്താവര്‍ എങ്ങനെ സംഘടനകള്‍ (രാഷ്ട്രീയ കക്ഷികള്‍) കൊണ്ടു നടക്കും.  സ്വാതന്ത്ര്യ സമരം കാലം മുതല്‍ ജനപങ്കാളിത്തമായിരുന്നു സ്രോതസ്സ്.  ആദര്‍ശാധിഷ്ഠിതമായിരുന്നു ജനങ്ങളുടെ പങ്കാളിത്തവും
പിരിവു വാങ്ങലും.  കുത്തക മുതലാളിമാരുടെ പണംകൊണ്ട് പാര്‍ട്ടികള്‍ വളര്‍ത്തിയിരുന്നില്ല. മതത്തിന്റെ പേരില്‍ പിരിവും ഉപഭോഗവും ഉപയോഗവുമൊക്കെ മതമേലദ്ധ്യന്മാരില്‍ ഒതുങ്ങിയിരുന്നു. വിളക്കെണ്ണക്കു ബുദ്ധിമുട്ടുന്ന അമ്പലങ്ങളും പള്ളികളും സമൃദ്ധമായിരുന്നു. (മെഴുകു തിരിയും സുഗന്ധവ്യഞ്ജനങ്ങളും തഥൈവ) അത്തരം ദാരിദ്ര്യം എന്നും തുടരണമെന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല.  ആദര്‍ശം ജീവിതവ്രതമായിരുന്നു നേതാക്കള്‍ക്കും അണികള്‍ക്കും.  അല്ലാത്തവര്‍ എക്കാലവുമുണ്ടാവും-അവരെ ഭൂരിപക്ഷം പുച്ഛത്തോടെ മാത്രമെ കണ്ടിരുന്നുള്ളു.  എന്നാലിന്നോ………..? ആദര്‍ശം, ത്യാഗം എന്ന വാക്കൊക്കെ കേള്‍ക്കുന്നതേ അലര്‍ജിയാണ്. തൊഴിലാളി-മുതലാളിയൊക്കെ ഇവിടെ അധികമില്ലായിരുന്നല്ലോ.  ജന്മി-കുടിയാന്‍ ബന്ധം സ്വാംശീകരിക്കപ്പെട്ട അടിമത്വമായിരുന്നു. ജാതി-മത സംജ്ഞകളും കൂടെ നിന്നിരുന്നു. എന്നാലിന്ന് ”കോര്‍പ്പറേറ്റ്’ കോര്‍പ്പറേറ്റ് ആധിപത്യത്തിലെത്തി നില്‍ക്കുമ്പോള്‍ ………….-ജനപങ്കാളിത്തം സാമ്പത്തിക കാര്യങ്ങളില്‍ സാദ്ധ്യമല്ല.  കൊച്ചുമുതലാളിമാര്‍ മുതല്‍ വലിയമുതലാളിമാര്‍ വരെ രാഷ്ട്രീയ കക്ഷികള്‍ക്ക് ‘ആശയഭേദമന്യേ’  സംഭാവനകള്‍ ചെയ്യുന്നു.  ഇത് വ്യക്തിപരമായും കക്ഷിക്കായും വാങ്ങുന്നു.സകല അഴിമതികളും കൂട്ടുകച്ചവടമാണ്.  (ഉദാഹരണം:- ഒരു നിലം നികത്തി വില്‍പന നടത്തുന്നു.മണ്ണിന് ഒരു കച്ചവടക്കാരന്‍, കള്ളക്കടത്തിന് ഒരു ലോറി ഓണറും അമിത കൂലി വാങ്ങുന്ന ഒരു ഡ്രൈവറും.  ആധാരമെഴുതുന്ന ആള്‍, അതു പറമ്പായി റജിസ്റ്റര്‍ ചെയ്യുന്ന റജിസ്ട്രാര്‍ (ഓഫീസിലുള്ളവര്‍ മുഴുവന്‍), നികുതി അടക്കാനനുവദിക്കുന്ന വില്ലേജ് ഓഫീസര്‍ (മുഴുവന്‍ സ്റ്റാഫും), കൃഷി ഓഫീസര്‍ (മുഴുവന്‍ ഓഫീസും) അവിടെ കെട്ടിടം കെട്ടാന്‍ അനുമതി നല്‍കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനം (പൂര്‍ണ്ണമായും) വാങ്ങുന്നയാളും വില്‍ക്കുന്നയാളും-ഇത്രയും പേര്‍ ഒരൊറ്റ അഴിമതിയുടെ ഗുണഭോക്താക്കളാണ്.  ഇതാണ് അഴിമതിയൊരു കൂട്ടുകച്ചവടമാണെന്ന് പറഞ്ഞത്.  ഇതിനപ്പുറമാണ് കോര്‍പ്പറേറ്റുകള്‍.  അവര്‍ ജനങ്ങളുടെ കാശുകൊണ്ട് ജനങ്ങളെ ദ്രോഹിക്കും.  ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റു ചെയ്ത കമ്പനികളെ പഠിച്ചാല്‍ അതു ബോദ്ധ്യമാവും.
ഇവരാണ് ജനങ്ങളുടെ പണംകൊണ്ട് മൂലധനം സ്വരുക്കൂട്ടി, ഒടുവില്‍ കിങ്ങ്‌മേക്കര്‍മാരാവുന്നത്. രാഷ്ട്രീയ കക്ഷികള്‍ക്കവര്‍ വാരിക്കോരി കൊടുക്കും-നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍, ആര്‍ക്കെന്തു സംഭവിച്ചാലും ഇവര്‍ക്കൊന്നുമില്ല.പണംകൊടുക്കാന്‍ മടിയില്ലാത്തത് സ്വന്തം പണമില്ലാത്തതുകൊണ്ടും വീണ്ടും ജനങ്ങളെ പിഴിഞ്ഞ് അതുണ്ടാക്കാമെന്ന് ധൈര്യമുള്ളതുകൊണ്ടുമാണ്. (ഉദാ: ഒരു ലക്ഷം രൂപ ദിവസവാടകയുള്ള റൂമില്‍ സ്വന്തം പണം കൊടുത്ത് ആരെങ്കിലും താമസിക്കുമോ?).  ഈ പണം നേതാക്കള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഒരുപോലെ കിട്ടും രാഷ്ട്രീയ നേതാക്കള്‍ സമ്പന്നരാവും രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭിക്കുന്നത് വീതിച്ചെടുക്കപ്പെടും.  കുട്ടി നേതാക്കന്മാര്‍ക്കും എന്തെങ്കിലുമൊക്കെ വേണ്ടെ?  കലാ-സംസ്‌കാര-ശാസ്ത്ര-സാങ്കേതിക-കാര്‍ഷിക-വ്യാപാര വ്യവസായങ്ങള്‍ മുതല്‍ കക്ഷി രാഷ്ട്രീയ പ്രഭൃതികള്‍ വരെ അധികാര രാഷ്ട്രീയത്തെ പിന്തുണച്ചു കൂടെ നില്‍ക്കും-ലാഭം ആരാണ് കൂടുതലുണ്ടാക്കികൊടുക്കുക എന്ന സംശയവും തര്‍ക്കവുമേയുള്ളു. അണികളെന്നും അണികള്‍തന്നെ.അവര്‍ക്ക് വിദൂഷക വേഷവും ഉണ്ട്.  ഈ അധികാര-സാമ്പത്തിക വിഭജനങ്ങളിലും സ്ത്രീക്ക് എന്തു പങ്കാണുള്ളത്?  അവര്‍ ഇതൊന്നും ഗൗരവമായി പഠിച്ചിട്ടില്ല-പഠിക്കാനിടം കിട്ടിയിട്ടുമില്ല.  ജനസംഖ്യാനുപാതികമായി സ്ത്രീകള്‍ രാഷ്ട്രീയ കക്ഷികളുടെ എല്ലാ സ്ഥാനങ്ങളിലും അധികാരസ്ഥാനങ്ങളിലും ഉണ്ടായിരുന്നുവെങ്കില്‍ ഈ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇത്രയും അധ:പതിക്കാനാവില്ല. സ്ത്രീകളും ഇതിന്റെയൊക്കെ ഭാഗമായിരുന്നില്ലേ എന്നു ചോദിച്ചേക്കാം അതിനുള്ള  ഉത്തരം അവളുടെ ‘ഗര്‍ഭപാത്രം’  തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറച്ചു പേര്‍ക്കെങ്കിലും  മക്കളെ മറന്ന്  ഇത്രക്കധ:പതിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് രാഷ്ട്രീയകക്ഷികള്‍ ഭരണഘടനയോട്- തുല്യതയെ മാറ്റിവെച്ച് നീതി പുലര്‍ത്താത്തത് സ്വയം സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നത്.( സത്യപ്രതിജ്ഞാ ലംഘനം ക്രിമിനല്‍ കുറ്റമല്ലേ?)
ഭരണ-പ്രതിപക്ഷങ്ങള്‍ , ജനപ്രതിനിധികള്‍ എന്ന അര്‍ത്ഥത്തില്‍ കാണിക്കുന്ന ഈ സ്ത്രീ വിരുദ്ധത കുറ്റകരമല്ലേ? ഈ ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ശിക്ഷാര്‍ഹമല്ലേ?
രാഷ്ട്രീയ കക്ഷികളും തഥൈവ കുറ്റക്കാരും ശിക്ഷാര്‍ഹരുമല്ലേ?
ഇതൊന്നും ഇത്ര വിശദമായി അറിയില്ലായിരുന്നു എന്നു പറയാം .അറിവില്ലായ്മ ശിക്ഷിക്കാതിരിക്കാന്‍ കാരണമാകുന്നില്ലല്ലോ? ( Eg: കൊലപാതകം ചെയ്താല്‍ ശിക്ഷയുണ്ടെന്നറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ശിക്ഷിക്കാതിരിക്കാനാവുമോ കോടതിക്ക്?)
രാഷ്ട്രീയ കക്ഷികള്‍ സ്വന്തം പാര്‍ട്ടികളിലും അധികാരത്തിലും ജനസംഖ്യാ നുപാതികമായി  സ്ത്രീക്ക് സ്ഥാനം നല്‍കണം.
സ്ത്രീ സ്വതന്ത്രയാവേണ്ടത് ആദ്യം മാനസികമായാണ് എന്ന് നമുക്ക് പറയാം അതിനുള്ള  സാഹചര്യം ഒരുങ്ങേണമെങ്കില്‍ ഭരണഘനയിലെ തുല്യത നടപ്പില്‍ വരുത്തണം. അധികാരരാഷ്ട്രീയത്തില്‍ ‘സ്ത്രീയുടെ അറിവില്ലായ്മ’ വലിയ അബദ്ധങ്ങള്‍ വരുത്തുമെന്നും ഭര്‍ത്താക്കന്മാരാണ് ഭരിക്കുന്നതെന്നും മറ്റും തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഒന്നോ രണ്ടോ വര്‍ഷ ങ്ങളില്‍ ചില കുറവുകള്‍ ഉണ്ടായാലും സ്ത്രീകള്‍ വളരെ വേഗത്തില്‍ നന്നായി പഠിച്ചെടുക്കുക. ഇതെന്റെ നേരിട്ടുള്ള അറിവു തന്നെയാണ്.
പിന്നെ ഈ പുരുഷ എം.എല്‍.എമാര്‍ക്കും  എം.പിമാര്‍ക്കും ജയിച്ചുചെല്ലുമ്പോള്‍ എന്തറിയാം? ബഡ്ജറ്റ് ഉണ്ടാക്കാനറിയുമോ? പ്ലാനിങ്ങ്  എന്താണെന്നറിയാമോ? പദ്ധതിക ള്‍ എന്തൊക്കെയാണ് നടപ്പിലാക്കുന്നതെന്നറിയാമോ ? സ്വന്തം നിയോജക മണ്ഡല ത്തിലെ കാലാവസ്ഥ കൃഷി ജലസേചനം, ഇലക്ട്രിസിറ്റി, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ, നിയമപാലനം എന്നിവയെക്കുറിച്ചൊക്കെ  ഇവര്‍ക്കെന്തറിയാം? അവിടെച്ചെല്ലുമ്പോഴാണ് ഉത്തരവാദിത്വത്തെപ്പറ്റി അമ്പരക്കുന്നത്. ചെറുതായി പഠിക്കാന്‍  തുടങ്ങുന്നത്  നിയമനിര്‍മ്മാണസഭയിലെ തന്റെ അധികാര ങ്ങള്‍ കൃത്യമായി അറിവുള്ള എത്ര എം.എല്‍.എമാരും എം.പിമാരുമുണ്ട് നമുക്ക്? മന്ത്രിമാരും ഇങ്ങനെയൊക്കെ തന്നെ ഓരോ വകുപ്പു മന്ത്രിമാരും എത്രയെത്ര ഡിപ്പാര്‍ട്ടു മെന്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്? അതിനെക്കുറിച്ചൊക്കെയുള്ള അറിവ് അഞ്ചു വര്‍ഷത്തിനുശേഷവും പരിമിതമായിരിക്കും ഉദ്യോഗസ്ഥരുടെ കയ്യിലെ പാവകളായിപ്പോകുന്ന മന്ത്രിമാര്‍ വരെയുണ്ട്. ചിലര്‍ നന്നായി പഠിച്ചുചെയ്യുകയും ചെയ്യുന്നു. ഇത് ആണായാലും പെണ്ണായാലും ഒരു പോലെ തന്നെ. പിന്നെ  അധികാര സ്ഥാനങ്ങളില്‍  സ്ത്രീകള്‍ വന്നാല്‍ കുറച്ചു സൂക്ഷ്മതയോടെ, അവധാനതയോടെ കാര്യങ്ങള്‍ പഠിക്കും ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുകയും ചെയ്യും. അറിവില്ലാ യ്മയുടെ പേരു പറഞ്ഞ് പേടിപ്പിക്കേണ്ടതില്ല. പുരുഷനുവേണ്ടി, പുരുഷന്റെ കണ്ണിലൂടെ സ്ത്രീ മറ്റൊരു സ്ത്രീയെ നോക്കുമ്പോള്‍ മാത്രമേ അസൂയയും കുറ്റങ്ങളും ഉണ്ടാവൂ. സ്വന്തം കണ്ണിലൂടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങിയാല്‍ ഒരു സ്ത്രീയും മറ്റൊരു സ്ത്രീയോടും അസഹിഷ്ണത കാണിക്കില്ല.
പകലും രാത്രിയും സ്ത്രീക്കും പുരുഷനും സ്വന്തമായി, ഒരേ പോലെ യാത്ര ചെയ്യാനും താമസിക്കാനും ജീവിക്കാനും കഴിയണം. ചിന്താ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം കലാ  സാംസ്‌കാരിക ശാസ്ത്ര സാങ്കേതിക രാഷ്ട്രീയ  കാര്‍ഷിക വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക  പൗരവകാശ തുല്യത വേണം സ്ത്രീ പുരുഷന്മാര്‍ക്കുപോലെ അതിന്ന് പൂര്‍ണ്ണമായും പിന്തുണ നല്‍കേ ണ്ടതും സംരക്ഷണം നല്‍കേണ്ടതും നിയമപാലകരാണ്.
(നിയമം പാലിക്കുമോ പിന്നെയല്ലേ?)
എല്ലാ വിഷയങ്ങളിലും  ഒരു ജന്റര്‍ ഓഡിറ്റിങ്ങ് സാദ്ധ്യമാവുമ്പോള്‍, അത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും സ്ത്രീ, അധികാര സ്ഥാനങ്ങളില്‍ തുല്യമായി എത്തേണ്ടതിന്റെ ആവശ്യം ബോദ്ധ്യമാവും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെപ്പോലെ സംവരണം എന്ന നിര്‍ബന്ധി താവസ്ഥ കൊണ്ടുവരണമെങ്കില്‍ അതുചെയ്യണം. ഇന്ത്യയില്‍ 15 ലധികം സംസ്ഥാ നങ്ങളില്‍ 50% വും ഒമ്പത് സ്റ്റേറ്റുകളിലും 33% ഉം ആണല്ലോ? ഈ റിസര്‍വ്വേഷന്‍ എന്നാല്‍ ചില ഉത്തരേന്ത്യന്‍ സ്റ്റേറ്റുകളില്‍ 12.4 ഉണ്ട് .പ്രബുദ്ധ കേരളത്തില്‍ 6.4% ആണ്.ജനസംഖ്യയില്‍ 52% സ്ത്രീകളാണ്.  ഈ നാട്ടില്‍ 85% ത്തില്‍ കൂടുതല്‍ വീടു കളും കഴിയുന്നത് സ്ത്രീകളുടെ  അദ്ധ്വാന ഫലം കൊണ്ടാണ്. കൂലിപ്പണി മുതല്‍ കലക്ടറുദ്ദ്യോഗം വരെക്കാണുമതില്‍. അതുമാത്രല്ല സ്ത്രീയുടെ ഉറക്കമില്ലാതെ എല്ലാ സമയവും കുടുംബത്തിനായി ജോലി ചെയ്യുകയും ചെയ്യുന്നു. സ്ത്രീയുടെ നിശബ്ദ തയെ മുതലെടുത്തു ജീവിക്കുന്ന അല്‍പ്പന്മാരുടെ വര്‍ഗ്ഗം. ഒരു സൂചി തലപ്പുകൊണ്ടു തൊട്ടാല്‍ പൊട്ടുന്ന ബലൂണുകളാണ് ഈ പുരുഷവര്‍ഗ്ഗത്തിന്റെ അഹന്ത ‘ഒഴിമുറി’ എന്ന പടത്തില്‍ ലാലിന്റെ കഥാപാത്രം പറയുന്നുണ്ട്. ‘ഭാര്യയെ അടിക്കുന്നത് പേടി ച്ചിട്ടാടാ’ എന്ന്  കാരണം സ്ത്രീ അവളുടെ കഴിവുകള്‍ തിരിച്ചറിയുന്നിടത്ത് പുരു ഷവര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മ അവസാനിക്കുമെന്ന് ഭയത്തോടെ ജീവിക്കുന്നവരാ ണവര്‍, അര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ മുന്നോട്ടു വരിക തന്നെ ചെയ്യും. സമകാലികാവസ്ഥ അത് ആവശ്യപ്പെടുന്നു. ശാരീരിക ബലം പുരുഷ നെ എത്തിക്കുന്നത് ജയിലുകളിലാണെന്ന് റേപ്പിസ്റ്റുകള്‍ പഠിച്ചു വരുന്നു. സുഖലാവ ണങ്ങളില്‍ നിന്ന് സ്ത്രീകള്‍ ആത്മാഭിമാനത്തോടെ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ തിരിച്ചറിവ് രാഷ്ട്രീയ കക്ഷികള്‍ക്കുണ്ടാകേണ്ടത് അനിവാര്യമാണ്.
സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകള്‍ പലരും വിവാഹം വേണ്ട എന്നു തീരുമാനിക്കുന്ന കാലമാണിത് – കുഞ്ഞുങ്ങള്‍ വേണ്ട എന്നും തീരുമാനിക്കുന്നു. തിരിച്ചറിവിന്റെ കാലമാണിത്. സ്ത്രീയെ ധനമായി കരുതാന്‍ കരുതാത്ത പുരുഷനെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറല്ല എന്നു പറയുന്ന പെണ്‍കുട്ടികള്‍ വര്‍ദ്ധിച്ചിരി ക്കുന്നു. ഇതെല്ലാം പെണ്ണിന്റെ തിരിച്ചറിവുകളാണ്. ലൈംഗികതപാപമല്ല എന്നും പാതിവ്രത്ര്യം പഴയകാല സങ്കല്‍പ്പമാണെന്നും ‘ഏകപുരുഷവ്രതം പ്രണയമുള്ള ടിത്തുമാത്രം’  എന്നും  സ്ത്രീ തരുമാനിക്കുന്നു. സ്വയം വിഡ്ഡി ചമഞ്ഞു ത്യാഗം ചെയ്യാന്‍ ഇനിയധികം സ്ത്രീകളും തയ്യാറാവില്ല. വിവാഹം കഴിഞ്ഞ് ഒരുമാസ ത്തിനുള്ളില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ (വേര്‍പിരിയലുകള്‍) നമുക്കതു മനസ്സിലാക്കിത്തരുന്നു. രാഷ്ട്രീയ കക്ഷികളെ ജനങ്ങള്‍ ബോയ്‌ക്കോട്ട്  ചെയ്യുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ത്തന്നെ രാഷ്ട്രീയ കക്ഷികളില്‍ ആര്‍ക്കും വിശ്വാസമില്ല. ആരു വന്നാലും ‘കോരനുകുമ്പിളില്‍ കഞ്ഞി’ യെന്ന് ജനം മനസ്സിലാക്കി കഴിഞ്ഞു. അത് വോട്ടിങ്ങ് ശതമാനം കുറയാനിടയാക്കുന്നുവെന്ന് രാഷ്ട്രീയ കക്ഷികള്‍  തിരിച്ച റിഞ്ഞിട്ടില്ലേ?
60-70% വോട്ടിംഗിലൂടെ 31% വും 29% എന്ന കണക്കില്‍ നാടു ഭരിക്കാനെത്തുന്ന രാഷ്ട്രീയ കക്ഷികള്‍, അധികാരം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തയ്യാറാ യില്ലെങ്കില്‍ ജനങ്ങളുടെ ഓരോ തിരിച്ചറിവും നിങ്ങള്‍ക്കു തരുന്ന  തിരിച്ചടി  ഭീകരമാ യിരിക്കും. സ്ത്രീകളെയും ചെറുപ്പക്കാരയെും അവഗണിക്കുന്ന കക്ഷി രാഷ്ട്രീയന്മാര്‍ വലിയ തോതില്‍ പിന്തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ ഏറ്റവും ചെറിയ ഘടകം മുതല്‍ വലിയ ഘടകം വരെയുള്ള തമ്മിലടിയും പടലപ്പിണക്കങ്ങളും ജന സാമാന്യ ത്തിനിന്ന് തമാശയാണ്.

പതിവുപല്ലവികള്‍ നാലാക്കി മടക്കി പോക്കറ്റില്‍ തിരുകി, സ്ത്രീകള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ തുല്യപ്രാതിനിധ്യം നല്‍കുക  എല്ലാ രാഷ്ട്രീയ കക്ഷികളും.അതാണ് വിവേകമുള്ള തീരുമാനമാവുക. ആ വിവേകത്തോടൊപ്പം  ‘സ്ത്രീ കേരളം’ നില്‍ക്കുക തന്നെ ചെയ്യും.
എന്തു പറഞ്ഞാലും നമുക്ക് ഉയര്‍ത്തിക്കാണിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി യായിരുന്ന  ഇന്ദിരാഗാന്ധിയുടെ പേരുണ്ട്. ശരിയാണ് അഭിമാനകരം തന്നെ പക്ഷേ അക്കാലത്തും പാര്‍ലമെന്റില്‍ എത്ര സ്ത്രീകളുണ്ടായിരുന്നു? കേരളത്തില്‍ ആദ്യ മന്ത്രി സഭയില്‍ത്തന്നെ കെ.ആര്‍.ഗൗരിയമ്മയുണ്ടായിരുന്നു. അതും അഭിമാനകരം തന്നെ ഗൗരിയമ്മയോടൊപ്പം നിയമസഭയില്‍ എത്ര പേരുണ്ടായിരുന്നു.? എന്തു കൊണ്ട് കാലക്രമേണ ഇത് ഉയര്‍ന്നു വന്നില്ല?
EG: ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക യോഗം നടക്കുന്നു കമ്മറ്റിയില്‍ സ്ത്രീകള്‍ വരുന്നു. ഉടനെ ഒരു പുരുഷ പ്രസ്താവനവരും നമ്മുടെ മെമ്പര്‍മാരെല്ലാം കൂലിപ്പണിക്കും മറ്റും പോകുന്നതുകൊണ്ട് മീറ്റിങ്ങുകള്‍ മിക്കപ്പോഴും രാത്രി 7.30 മുതലായിരിക്കും. എത്രനേരം നീളുമെന്ന് പറയാനാവില്ല. ഇത് സ്ത്രീകള്‍ക്കുള്ള  താക്കീതാണ്. ഉടനെ സ്ത്രീകളില്‍ 40% വും പിന്‍വാങ്ങും. അല്ലെങ്കില്‍ ആ കമ്മിറ്റി യില്‍ ആങ്ങളയോ, അച്ഛനോ, ഭര്‍ത്താവോ ഉണ്ടാവണം. അല്ലെങ്കില്‍ അവരോടു ചോദിച്ചു സമ്മതം വാങ്ങണം. നിര്‍ബന്ധമായും പകല്‍ മീറ്റിങ്ങ് നടത്തണമെന്ന് ശഠിക്കാനോ അല്ലെങ്കില്‍ ഏതു രാത്രിയിലായും ഞാന്‍ വരുമെന്ന് പറയാനോ സ്ത്രീ തയ്യാറാവണം. അതാണ് രാഷ്ട്രീയ കക്ഷികളില്‍ സ്ത്രീകളുടെ സ്ഥാനം കുറയുന്നത്. രാഷ്ട്രീയ കക്ഷികളുടെ സ്ത്രീ സംഘടനകള്‍ എന്താണ് ചെയ്യുന്നത്? തൊഴില്‍ ത്തര്‍ക്കങ്ങള്‍, സ്ത്രീനിയമങ്ങള്‍, വനിതാകമ്മീഷന്‍ വരെയുള്ള കാര്യങ്ങള്‍, സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍, കുട്ടികള്‍ക്കായുള്ള ചില കാര്യങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങളും  സാമൂഹ്യക്ഷേമവും ഇതെല്ലാം ചര്‍ച്ച ചെയ്യും. രാഷ്ട്രീയ ചര്‍ച്ചകള്‍ ചെയ്യുകയോ, പാര്‍ട്ടികളില്‍ ഇടംനേടുകയോ, നേതൃത്വത്തില്‍ തുല്യപങ്കാ ളിത്തം ഉറപ്പാക്കുകയോ  ചെയ്യാന്‍  അവര്‍ക്കു സാധ്യമാവുന്നില്ല. കാരണം രാഷ്ട്രീയ കക്ഷിയുടെ അജണ്ടയില്‍ തന്നെ അത്തരമൊരു കാര്യമില്ല. ഇതൊരു ഗൗരവതരമായ വിഷയമാകുന്നത്, നിയമനിര്‍മ്മാണസഭയിലേക്കുള്ള തെരെഞ്ഞെടുപ്പുകളിലാണ്. സാ ക്ഷരപ്രബുദ്ധകേരളത്തില്‍ 52% സ്ത്രീജനസംഖ്യയുള്ള കേരളത്തില്‍  52% സ്ത്രീ ജനസംഖ്യയുള്ള കേരളത്തില്‍ 8 ലക്ഷം സ്ത്രീ വോട്ടര്‍മാര്‍ അധികമുള്ള കേരളത്തില്‍ രാഷ്ട്രീയകക്ഷികള്‍ സ്ത്രീകളെ ഇലക്ഷനു നിര്‍ത്താന്‍ തയ്യാറാവുന്നില്ല. എന്നു പറയുന്നത് വലിയ നാണക്കേടാണ്. സ്വന്തം അമ്മ പെങ്ങന്മാരോടും  ഭാര്യാ മക്കളോടും ചെയ്യുന്ന അനീതിയാണ്  എന്നവര്‍ തിരിച്ചറിയുന്നില്ല. അധികാരമോഹം തലക്കു പിടിച്ച് നൈതികബോധം  നഷ്ടപ്പെട്ടവരാണവര്‍. അര്‍ഹതയില്ലാത്ത കസേരയിലിരിക്കുന്നവരാണവര്‍-ആ തിരിച്ചറിവില്ലാത്തവരും.ഈ അവസ്ഥക്കു മാറ്റം വേണം.
ജനസംഖ്യാനുപാതികമായി സ്ത്രീകള്‍ നിയമനിര്‍മ്മാണ സഭകളിലുണ്ടാവണം. വീടു ഭരിക്കുന്ന സ്ത്രീകള്‍ക്ക് വഴങ്ങാത്തതല്ല ഭരണം. ഓരോ പദ്ധതിയും പ്ലാനിങ്ങ് മുതല്‍ നിര്‍ച്ചഹണവും മോണിറ്ററിങ്ങും വരെ ജന്റര്‍ ബേസ്ഡ് ഓഡിറ്റിങ്ങുണ്ടാവണം.
ഓരോ പദ്ധതിയുടെയും ഗുണഭോക്താവായി ഏറ്റവും താഴേക്കിടയിലുള്ള ദരിദ്രനും ആശ്വാസമാകണമെന്ന് രാഷ്ട്രപിതാവു പറഞ്ഞതുപോലെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടി ഉപകാരപ്രദമാവണം. അതിന് ഭരണത്തില്‍, അധികാരത്തില്‍ സ്ത്രീകളുടെ കയ്യൊപ്പുണ്ടാവണം. നിയമനിര്‍മ്മാണസഭകളില്‍ ജനസംഖ്യാനുപാതികമായി സ്ത്രീപ്രാതിനിധ്യമുണ്ടാവണം. അതിന് കക്ഷിരാഷ്ട്രീയഭേദമെന്യേ  ഏവരും  പരിശ്രമിക്കുക. ഭരണഘടനയില്‍ പറഞ്ഞ തുല്യത ഉറപ്പാക്കുക. രാഷ്ട്രീയ കക്ഷികള്‍ ഉറക്കെച്ചിന്തിക്കുക. കഴിഞ്ഞ രണ്ട് ഇലക്ഷനുകളിലും സ്ത്രീ വോട്ടര്‍ മാരു ടെ വോട്ടാണ് എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നതെന്ന് മറക്കാതിരിക്കുക. അതിനി യും ലഭിക്കുവാന്‍ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീപ്രാതിനിധ്യം 50%മെങ്കിലും ഉയരട്ടെ.

Related Articles

Back to top button