BREAKING NEWSKERALALATEST

കോവിഡിന് ചികിത്സ തേടിയില്ല: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിമാര്‍ മരിച്ചു

ചെന്നൈ : കോവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിമാര്‍ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രന്‍ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. രവീന്ദ്രന്‍ ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയുടെ മുന്‍ പി.ആര്‍.ഒ. ആണ്. വന്ദന കെ.കെ. നഗറിലെ സ്വകാര്യ സ്‌കൂളില്‍ അഡീഷണല്‍ വൈസ് പ്രിന്‍സിപ്പലായിരുന്നു.
ദമ്പതിമാര്‍ക്ക് മക്കളില്ല. തനിച്ചുതാമസിച്ചിരുന്ന ഇവര്‍ക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കള്‍ ഫോണില്‍ വിളിക്കുമ്പോള്‍ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്.
ഏറെദിവസമായിട്ടും ഇരുവരെയും പുറത്തേക്കു കാണാഞ്ഞതോടെ സംശയംതോന്നിയ അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്. ആംബുലന്‍സില്‍ ഇരുവരെയും കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രന്‍ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്.
ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈയിലെത്തി. കോവിഡ് ബാധിതരായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.

**

Related Articles

Back to top button