തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. കൊട്ടിക്കലാശമില്ലാതെ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.
957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.
കോവിഡ് പശ്ചാത്തലത്തില്‍ ഒരോ ബൂത്തിലെയും വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോവിഡ് രോഗികള്‍ക്കും അവസാനമണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.
ഇരട്ടവോട്ടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാസംവിധാനവും ഒരുക്കും. കേരളപോലീസിന്റെ 59,292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലീസ് മേധാവിമാര്‍ നേതൃത്വം വഹിക്കും. പോലീസിന്റെ വിവിധ പട്രോള്‍സംഘങ്ങള്‍ക്കുപുറമേ, നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോണ്‍ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.
17 1 minute read