LATESTNATIONAL

ബംഗാളില്‍ വെടിയേറ്റുമരിച്ചത് കേരളത്തില്‍ ജോലിചെയ്തിരുന്നവര്‍

കൊല്‍ക്കത്ത: കുച്ച്ബിഹാര്‍ ജില്ലയിലെ ശീതള്‍കുച്ചിയില്‍ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കേരളത്തില്‍നിന്നുപോയ അതിഥിതൊഴിലാളികള്‍. വോട്ടുരേഖപ്പെടുത്താനായാണ് ഇവര്‍ കേരളത്തില്‍നിന്ന് തങ്ങളുടെ ഗ്രാമത്തിലെത്തിയത്. അത് അന്ത്യയാത്രയുമായി. ഹമീമുള്‍ മിയ (28), ഛമീയുള്‍ ഹഖ് (27), മനീറുസ്സമാന്‍ മിയാ (30), നൂര്‍ ആലം ഹൊസൈന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടനിര്‍മാണത്തൊഴിലാളികളാണിവര്‍.
ശീതള്‍കുച്ചിയിലെ ജോഡ്പാട്ക്കി ഗ്രാമവാസികളാണിവര്‍. കോവിഡ് കാലത്ത് കേരളത്തില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ വീണ്ടും ജോലിക്കായി പോയിരുന്നു. തിരഞ്ഞെടുപ്പായതിനാലാണ് വീണ്ടും എത്തിയത്. അതതുകുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ടവരെന്ന് അടുത്ത ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ അനുഭാവികളാണ് കൊല്ലപ്പെട്ടവര്‍.
കുച്ച്ബിഹാര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മരിച്ചവരുടെ ബന്ധുക്കളെ നേരില്‍ക്കാണാന്‍ കഴിഞ്ഞില്ല. ഇവരുമായി വീഡിയോകോള്‍വഴി സംസാരിച്ച മമത കുടുംബങ്ങളെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ബംഗ്‌ളാദേശിനോട് ചേര്‍ന്നുകിടക്കുന്ന നിയമസഭാമണ്ഡലമാണ് ശീതള്‍കുച്ചി.
ആനന്ദ് മരിച്ചത് കന്നിവോട്ടിന് വരിനില്‍ക്കുമ്പോള്‍
കൊല്‍ക്കത്ത: കന്നിവോട്ടിന്റെ ഉത്സാഹത്തില്‍ വീട്ടില്‍നിന്നിറങ്ങിയ ആനന്ദ് ബര്‍മന്‍ (18) കൊല്ലപ്പെട്ടത് വോട്ടുചെയ്യാനായി വരിനില്‍ക്കുമ്പോള്‍. ശീതള്‍കുച്ചി മണ്ഡലത്തിലെത്തന്നെ ഗൊലേനാഹട്ടി മേഖലയിലുള്ള ഒരു ബൂത്തില്‍ രാഷ്ട്രീയസംഘര്‍ഷത്തിനിടെയാണ് യുവാവ് വെടിയേറ്റുമരിച്ചത്. തൃണമൂല്‍ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ബൂത്തിനുസമീപത്തുണ്ടായ സംഘര്‍ഷത്തിനിടെയാണ് ക്യൂവില്‍നിന്ന ആനന്ദിന് പിന്‍ഭാഗത്ത് വെടിയേറ്റത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹോമിയോപ്പതി വിദ്യാര്‍ഥിയായിരുന്നു.
പോലീസിന്റെ നിഷ്‌ക്രിയത്വംമൂലമാണ് ബൂത്തിനുസമീപം അക്രമികള്‍ ഒത്തുകൂടുന്ന സാഹചര്യമുണ്ടായതെന്ന് ആനന്ദിന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ആനന്ദ് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് മമത അടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും ബി.ജെ.പി. അനുഭാവിയാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Related Articles

Back to top button