BREAKING NEWSKERALALATEST

സംസ്ഥാനത്തെ ഓക്‌സിജന്‍ ദൗര്‍ലഭ്യം;കയറ്റുമതി നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഇടപെടുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന് കാരണം ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാത്തത്. ആവശ്യമായ ഓക്‌സിജന്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. അത് സംസ്ഥാനത്തിനുതന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ നിലവിലെ ദൗര്‍ലഭ്യം തരണംചെയ്യാന്‍ കഴിയും.
ദ്രവീകൃത ഓക്‌സിജന്‍ നിര്‍മിക്കുന്ന ഒരു വന്‍കിട പ്ലാന്റും, 11 ചെറിയ ഗ്യാസ് പ്ലാന്റുകളുമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ വാതകരൂപത്തില്‍ ഓക്‌സിജന്‍ നിര്‍മിക്കുന്ന ചെറുകിട കമ്പനികളുടെ ഉത്പാദനം നിലവിലെ ഉപഭോഗം നേരിടാന്‍ പര്യാപ്തമല്ല. പാലക്കാട് പുതുശേരിയിലെ സ്വകാര്യ കമ്പനിയിലാണ് വ്യവസായ അടിസ്ഥാനത്തില്‍ ദ്രവീകൃത ഓക്‌സിജന്‍ നിര്‍മിക്കുന്നത്. വന്‍തോതില്‍ ഓക്‌സിജന്‍ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ശേഷി ഈ ഫാക്ടറിക്കുണ്ട്.
നിലവിലെ സാഹചര്യത്തില്‍ 80 ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് വേണ്ടത്. കോവിഡ് വ്യാപനം വര്‍ധിച്ചാല്‍ പരമാവധി 120 ടണ്‍വരെ വേണ്ടിവരും. പാലക്കാട്ടെ സ്വകാര്യ കമ്പനിയുടെ പ്രതിദിനനിര്‍മാണ ശേഷി 150 ടണ്ണാണ്. 1000 ടണ്‍ ഓക്‌സിജന്‍ സംഭരിക്കാനുള്ള ശേഷിയും ഈ ഫാക്ടറിക്കുണ്ട്. എന്നാല്‍ 40 ടണ്ണില്‍ താഴെ ഓക്‌സിജന്‍ മാത്രമാണ് സംസ്ഥാനത്തെ വിതരണക്കാര്‍ക്ക് നല്‍കുന്നത്. ശേഷിക്കുന്ന ഓക്‌സിജന്‍ മഹാരാഷ്ട്രയിലേക്ക് അയക്കുകയാണ്. മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ഉപഭോഗം വര്‍ധിച്ചതും ഉയര്‍ന്ന വില ലഭിക്കുന്നതുമാണ് കാരണം.
മലമ്പുഴ ഡാമില്‍നിന്നുള്ള വെള്ളവും സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കുന്ന വൈദ്യുതിയുമാണ് ദ്രവീകൃത പ്ലാന്റിന്റെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. അടിയന്തര സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉപയോഗത്തിന് ആവശ്യമുള്ള ഓക്‌സിജന്‍ വിതരണം ചെയ്തിട്ട് ശേഷിക്കുന്നത് പുറത്തേക്ക് കൊടുത്താല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാര്‍തലത്തില്‍ നല്‍കിയാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാം. കോവിഡിന്റെ ആദ്യഘട്ട വ്യാപനത്തിനിടെ ദൗര്‍ലഭ്യം നേരിട്ടപ്പോള്‍ ആരോഗ്യവകുപ്പ് ഇടപെട്ട് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിരുന്നു.

Related Articles

Back to top button