KERALALATEST

മാത്യൂ ടി തോമസും കൃഷ്ണന്‍കുട്ടിയും മന്ത്രിമാരാകും… രണ്ടര വര്‍ഷം വീതം

തിരുവനന്തപുരം: മന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം വേണ്ടെന്ന് ജനതാദള്‍ എസ്. പാര്‍ട്ടിക്ക് ആകെയുള്ള രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിപദവിയില്‍ അവസരം നല്‍കാനാണ് ജെഡിഎസ് തീരുമാനം. രണ്ട് എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും. അതേസമയം, ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഇടത് മുന്നണി പാര്‍ട്ടിക്ക് നല്‍കുക. രണ്ട് മുതിര്‍ന്ന നേതാക്കളില്‍ ആരെ മന്ത്രിയാക്കും എന്നതിലായിരുന്നു തര്‍ക്കം. ഇതിന് പരിഹാരം എന്ന നിലയിലാണ് കഴിഞ്ഞ തവണത്തേതിന് സമാനമായി മന്ത്രിപദം തുല്യമായി പങ്കിടാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചത്.
രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യ ടേം മാത്യൂ ടി തോമസിനെന്ന് സൂചന. ഇക്കാര്യം ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചു. ഒരു മന്ത്രി സ്ഥാനം ഉറപ്പായ സാഹചര്യത്തിലാണ് ചര്‍ച്ച. രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നത് ഇടതുമുന്നണി നേതൃത്വത്തിന്റെ പരിഗണയിലുണ്ട്. പുതിയതായി വന്ന ഘടകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ അംഗബലം കൂട്ടേണ്ടിവരുമെന്ന സൂചനയും ഇടതുമുന്നണി നല്‍കുന്നു. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു.
അതേസമയം, മന്ത്രിപദം സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കം മുറുകുകയാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് മൂന്നു സീറ്റില്‍ രണ്ടിലും ജയിച്ച എന്‍സിപിക്ക് ഈ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. എന്നാല്‍ അത് ആരാവണമെന്നുള്ള ചൂടുപിടിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും നടക്കുകയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍. നേതാക്കള്‍ ഇരു ചേരിയിലായതോടെ ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലേക്ക് എത്തിയിരിക്കുകയാണ്.
കുട്ടനാട്ടില്‍ നിന്ന് ജയിച്ച തോമസ് കെ തോമസും എലത്തൂര്‍ നിന്ന് മത്സരിച്ച എ കെ ശശീന്ദ്രനുമാണ് എന്‍സിപിയില്‍ നിന്നുള്ള ‘നിയുക്ത’ എംഎല്‍എമാര്‍. കോട്ടക്കല്‍ നിന്ന് മത്സരിച്ച എന്‍ എ മുഹമ്മദ്കുട്ടി മുസ്ലിം ലീഗിന്റെ ആബിദ് ഹുസൈന്‍ തങ്ങളോട് പരാജയപ്പെട്ടിരുന്നു. മന്ത്രി പദവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 18ന് സംസ്ഥാന ഭാരവാഹി യോഗം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ എന്‍സിപി രാജ്യസഭാംഗമായ പ്രഫുല്‍ പട്ടേല്‍ പങ്കെടുക്കും.
മുന്‍ എംഎല്‍എ ആയിരുന്ന തോമസ് കെ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് സഹോദരനായ തോമസ് കെ തോമസിന് കുട്ടനാട്ടില്‍ നറുക്ക് വീഴുന്നത്. നിയമസഭയില്‍ തോമസ് പുതുമുഖമാണ്. എന്നാല്‍ എ കെ ശശീന്ദ്രന്‍ എംഎല്‍എ ആവുന്നത് ആറാം തവണയാണ്.ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന സിപിഐഎം നയത്തിന് എന്‍സിപിയിലും തുടര്‍ച്ച വേണമെന്നാണ് തോമസ്.കെ.തോമസിനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. കഴിഞ്ഞ തവണ അവസരം ലഭിച്ച എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരുവിഭാഗം ഇപ്പോഴും ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എംഎല്‍എ എന്ന നിലയില്‍ പുതുമുഖമായ തോമസ്.കെ.തോമസിനെ മന്ത്രിയാക്കുന്നത് എങ്ങനെയെന്നാണ് എ.കെ.ശശീന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്.
യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ തീരുമാനം പുനഃപരിശോധിക്കേണ്ടി വരും. നിലവില്‍ മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത് മെയ് 20നാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഐഎമ്മിന് 13 മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ കുറവുണ്ടാകും. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സി പിഐ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാമെന്ന് സിപിഐ സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ട്. അഞ്ചു സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത.
കടന്നപള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനത്തിന് വാദം ഉന്നയിക്കും. കെപി മോഹനന്‍ മാത്രമാണ് ജയിച്ചതെങ്കിലും എല്‍ജെഡിയ്ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഒരു സീറ്റ് മാത്രം ജയിച്ച ഐഎന്‍എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഐഎമ്മിന് കത്ത് നല്‍കിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസും മന്ത്രി സ്ഥാനം ആവശ്യപ്പെടും. കൂടുതല്‍ പേര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഐഎം ശ്രമം തുടങ്ങി. കഴിഞ്ഞ തവണ മുന്നണിയില്‍ ഇല്ലാതിരുന്ന കേരള കോണ്‍ഗ്രസിന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചേക്കും. 21 മന്ത്രിമാര്‍ വരെ ആകാമെങ്കില്‍ ഇടതു സര്‍ക്കാരുകളുടെ കാലത്ത് 20 മന്ത്രിമാരെ ഉണ്ടായിട്ടുള്ളൂ. അതേ നിലപാട് തുടരാനാകും പിണറായിയും ശ്രമിക്കുക. അവസാന ഘടത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന് സിപി ഐഎം സൂചിപ്പിക്കുന്നു.

Related Articles

Back to top button