മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഔരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു.
വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍.
കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്.
ഇതുവരെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ് ജോസഫ്. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്.
ഭാര്യ: ജോയ്‌സി. മക്കള്‍: ജോന തെരേസ ജോമിഷ്, ജോല്‍ ജോണ്‍ ജോമിഷ്. ഒ.എന്‍.ജി.സി.യുടെ പി. 305 നമ്പര്‍ ബാര്‍ജിലായിരുന്നു സസിന്‍ ഉണ്ടായിരുന്നത്. സില്‍വി ഇസ്മയിലാണ് അമ്മ. സഹോദരങ്ങള്‍: സിസിന, മിസിന.