BREAKING NEWSLATESTNATIONAL

വിവാഹത്തിനു സമ്മചിച്ചില്ല; കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു

ചണ്ഡിഗഡ്: വിവാഹത്തിനു സമ്മതിക്കാത്തതിന്റെ പേരില്‍ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതിയുടെ ക്രൂരത. ഹരിയാനയിലെ ഹിസാറിലാണ് സംഭവം നടന്നത്. 23കാരനായ യുവാവിന്റെ കാമുകിയാണ് ഇയാളുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മനീഷ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആസിഡ് വീണു യുവാവിന് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസാറിലെ ഒരു സ്‌കൂളിനു സമീപത്തു വെച്ചായിരുന്നു ആക്രമണമുണ്ടായത്. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ പ്രതിയായ യുവതിയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവിന്റെ അകന്ന ബന്ധുവാണ് പ്രതിയായ യുവതിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താന്‍ നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് യുവാവ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ ഒന്നോ രണ്ടോ വട്ടം മാത്രമാണ് കണ്ടിട്ടുള്ളതെന്നും വീട്ടുകാരുടെ സമ്മതമില്ലാതെ താന്‍ കല്യാണത്തിന് തയ്യാറല്ലെന്നും യുവാവ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണമുണ്ടായതെന്നും യുവാവ് പോലീസിനെ അറിയിച്ചു.
അതേസമയം, കേസിലെ പ്രതിയായ ഹിസാര്‍ സൂര്യനഗര്‍ സ്വദേശിയായ യുവതി പറയുന്നത് മറ്റൊരു കഥയാണ്. യുവതിയുടെ സഹോദരിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ യുവാവിന്റെ കൈവശം ഉണ്ടായിരുന്നെന്നും ഇത് ഡിലീറ്റ് ചെയ്യാന്‍ യുവതി ഇയാളോടു ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പരിക്കേറ്റ ശുഭമിന്റെ പരാതി അനുസരിച്ച് യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആസിഡാക്രമണത്തിനെതിരെയുള്ള സെക്ഷന്‍ 326എ അനുസരിച്ചാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെ മനീഷയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഉത്തര്‍ പ്രദേശില്‍ 19 വയസുള്ള യുവതി ശുചിമുറി കഴുകുന്ന ദ്രാവകം കുടിച്ച് ജീവനൊടുക്കിയ സംഭവത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പരിസരവാസികളായ മൂന്ന് പേര്‍ കമന്റടിക്കുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്രയിലെ മല്‍പുരയിലെ വീടിനു സമീപത്തു വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുവതി ശുചുമുറി കഴുകുന്ന ദ്രാവകം കുടിച്ചത്. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേിലേയ്ക്ക് മാറ്റിയെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു. യുവതിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button