മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചില്‍ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 70 ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പര്‍ മാത്രമാണ്. മലയാളികളുടെ മനസില്‍ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ് പ്രിയപ്പെട്ട മമ്മൂക്ക.
1951 സെപ്റ്റംബര്‍ 7ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍ ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളില്‍ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടര്‍ന്ന് എറണാകുളത്തുള്ള ഗവണ്‍മെന്റ് ലോകോളേജില്‍ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയില്‍ അഡ്വക്കേറ്റ് ശ്രീധരന്‍ നായരുടെ ജൂനിയര്‍ അഭിഭാഷകനായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്.
1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. അന്നത്തെ താരങ്ങളായ സത്യന്‍, നസീര്‍, ഷില എന്നിവരെ നിരത്തി സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ തുടങ്ങിയ നടന്‍ ഇന്ന് സിനിമാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. ഷോട്ടിന്റെ ഇടവേളയില്‍ മയങ്ങുന്ന സത്യന്‍ മാസ്റ്ററുടെ കാല്‍ തൊട്ട് വണങ്ങിയാണ് മമ്മൂട്ടി എന്ന നടന്‍ സിനിമയുടെ വിസ്മയലോകത്തേക്ക് കാലെടുത്തുവച്ചത്.
ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ തുടക്കം. ഒരുപക്ഷെ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തില്‍ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരന്‍ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തില്‍ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങള്‍ പാളിച്ചകളാണ് ‘.
എം ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. 1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. ഈ ചിത്രത്തിലെ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തില്‍ നിന്നുമാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം ആരംഭിക്കുന്നത്.
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ മമ്മൂക്ക സ്വന്തമാക്കി
മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ സൂപ്പര്‍ സ്റ്റാറും മമ്മൂട്ടിയാണ്. ലാല്‍ജോസ്, അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ് ഇങ്ങനെ എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടന്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്നു ചോദ്യത്തിന്, ‘നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എനിക്കെപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവര്‍ക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.’ എന്നായിരുന്നു മഹാ നടന്റെ മറുപടി.
കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യില്‍ ഭദ്രമാണെന്ന് പലയാവര്‍ത്തി തെളിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍, കോട്ടയത്തുകാരന്‍ കുഞ്ഞച്ചന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരന്‍ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്‌കരപട്ടേലര്‍, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തന്‍ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും മമ്മൂക്കയുടെ കൈകളില്‍ ഭദ്രം.
മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂക്കയുടേത്. അഭിനയത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം. ‘പ്രീസ്റ്റ്’ എന്ന സിനിമ വരെ മമ്മൂട്ടിയുടെ സിനിമാ യാത്ര എത്തി നില്‍ക്കുന്നു. ഭീഷ്മപര്‍വ്വവും പുഴുവും അണിയറയില്‍ ഒരുങ്ങുന്നു. മലയാളികളുടെ സ്വന്തം മമ്മൂക്ക എഴുപതാം വയസിലേക്ക് കടക്കുമ്പോള്‍ ആരാധകരും ആഘോഷത്തിന്റെ തിരക്കുകളിലാണ്.
1980ല്‍ മമ്മൂട്ടി വിവാഹിതനായി. സുല്‍ഫത്താണ് ഭാര്യ. ദുല്‍ഖര്‍ സല്‍മാന്‍, കുട്ടി സുറുമി എന്നിവരാണ് മക്കള്‍. 2002ല്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്തേക്ക് കടന്നു.
17 2 minutes read