BREAKING NEWSWORLD

കാനഡയില്‍ മൂന്നാം തവണയും ട്രൂഡോ അധികാരത്തിലേക്ക്

ഓട്ടാവോ: കാനഡയില്‍ മൂന്നാം തവണയും ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷമില്ലെങ്കിലും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു. ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് തന്നെ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയ്ക്ക് അധികാരത്തിലെത്താന്‍ മറ്റു പാര്‍ട്ടികളുടെ സഹായം തേടേണ്ടി വരും.
338 അംഗ പാര്‍ലമെന്റില്‍ 170 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ 158 സീറ്റുകളിലാണ് ലിബറല്‍ പാര്‍ട്ടി മുന്നേറ്റം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴും വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് ലിബറല്‍ പാര്‍ട്ടിയുടെ പ്രധാന എതിരാളികള്‍.
‘നന്ദി കാനഡ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിന്, ലിബറല്‍ പാര്‍ട്ടിയോടുള്ള വിശ്വാസത്തിന്, നല്ലൊരു ഭാവിക്ക്. കോവിഡുമായുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ പോവുകയാണ്. എല്ലാവര്‍ക്കും വേണ്ടിയിട്ട് കാനഡയെ മുന്നോട്ട് നയിക്കാന്‍ പോവുകയാണ്.’ ട്രൂഡോ ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിസന്ധിയോടെ മുഖം മങ്ങിയ ട്രൂഡോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയായിരുന്നു. എന്നാല്‍ കോവിഡിനിടെയുള്ള തിരഞ്ഞെടുപ്പ് പല കോണില്‍ നിന്നും വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കാലാവധി തീരാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയായിരുന്നു ട്രൂഡോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് ഗുണം ചെയ്തില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button