BREAKING NEWSNATIONAL

നിലപാട് തിരുത്തി യുകെ; കൊവിഷീല്‍ഡിനെ അംഗീകരിച്ചു, സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴും സംശയം

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ക്വറന്റീന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി യു കെ. ആസ്ട്രസെനകയുമായി സഹകരിച്ചു നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഇന്ത്യയുടെ കോവിന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുമാണ് ബ്രിട്ടന്റെ വിശദീകരണം. ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് യുകെ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.
യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ യുകെയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ കാര്യത്തില്‍ യുകെ ചെറിയ തോതില്‍ നിലപാട് മാറ്റം വരുത്തിയത്. എന്നാല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താതെ നിര്‍ബന്ധിത ക്വറന്റീന്‍ ഒഴിവാക്കിയേക്കില്ലെന്നാണ് വിവരം.
ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിനെടുത്തവര്‍ രാജ്യത്തെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വറന്റീന്‍ പാലിക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടന്‍ പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
അസ്ട്രസെനക്കയും ഓക്‌സ്‌ഫോഡും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സീനാണ് ഇന്ത്യയില്‍ കൊവിഷീല്‍ഡായത്. ബ്രിട്ടീഷ് നിലപാടില്‍ കടുത്ത പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും നല്കി. ഈ തീരുമാനം വംശവിവേചനമാണെന്നായിരുന്നു വിവിധ കോണില്‍ നിന്നുയര്‍ന്ന വിമര്‍ശനം. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസുമായി ചര്‍ച്ച നടത്തി. പ്രതിഷേധം അറിയിച്ചുള്ള കുറിപ്പ് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് നല്‍കി. പ്രശ്‌നം ചര്‍ച്ച ചെയ്ത് തീര്‍ക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു.
ബ്രിട്ടന്റെഇപ്പോഴത്തെ നീക്കം ഇന്ത്യ തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിച്ചതിലെ ചില രാജ്യങ്ങളുടെ അസ്വസ്ഥതയ്ക്ക് ഉദാഹരണമായാണ് വിദേശകാര്യ മന്ത്രാലയം കാണുന്നത്. അതിനാല്‍ തന്നെ കൊവിഷീല്‍ഡ് വാക്‌സീന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ക്വറന്റീന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ചെങ്കില്‍ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാര്‍ക്ക് അടുത്തയാഴ്ച്ച മുതല്‍ ക്വറന്റീന്‍ ഏര്‍പ്പെടുത്താനാണ് നീക്കം.

Related Articles

Back to top button