കൊച്ചി: കാരവാനുകളുടെ മോട്ടോര്‍വാഹന നികുതി നാലിലൊന്നായി കുറയ്ക്കണമെന്ന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് കേരളത്തിന്റെ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്നുംമന്ത്രി പറഞ്ഞു.
വരുംനാളുകളില്‍ കേരളത്തിന്റെ അഭിമാന പദ്ധതിയാകാന്‍ പോവുകയാണ് കാരവാന്‍ ടൂറിസം. ഇതിന് ഏറ്റവുമധികം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട വകുപ്പെന്ന നിലയില്‍ ഈ പദ്ധതി വിജയിപ്പിക്കേണ്ട ബാധ്യത മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
കാരവാനുകളുടെ നികുതി നിലവില്‍ ചതുരശ്ര മീറ്ററിന് 1000 രൂപയാണ്. ഈ പദ്ധതി വിജയിക്കണമെങ്കില്‍ ഇത് 250 രൂപയെങ്കിലുമായി കുറയ്ക്കണമെന്നും മന്ത്രി റിയാസ് അഭ്യര്‍ത്ഥിച്ചു.
എല്ലാ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റികളിലും ഒന്നില്‍ കുറയാത്ത ടൂറിസം കേന്ദ്രങ്ങളുണ്ടാകണമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ഇതിന്റെ നടത്തിപ്പിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം. ഈ കേന്ദ്രങ്ങളിലെല്ലാം താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നത് അസാധ്യമാണ്. അതിനുള്ള പരിഹാരം കൂടിയാണ് കാരവാന്‍ ടൂറിസമെന്നും അദ്ദേഹം പറഞ്ഞു.
അംഗീകാരമുള്ള പ്രത്യേക സ്റ്റിക്കര്‍ പതിച്ച കാരവാനുകള്‍ക്ക് ഗ്രീന്‍ ചാനല്‍ ഏര്‍പ്പെടുത്തുമെന്ന് ആന്റണി രാജു പറഞ്ഞു. അഡി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ കാരവാന്‍ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. റോഡിലുള്ള അനാവശ്യമായ പരിശോധനകള്‍ ഒഴിവാക്കണം. കാരവാനുകളുടെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ് എന്നിവ 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം ആര്‍ അജിത്കുമാറിന്റെ നിര്‍ദ്ദേശം നടപ്പാക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
118 1 minute read