BREAKING NEWSKERALALATEST

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍

തൃശൂര്‍: ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി. പി. പ്രമോദിനെ ആക്രമിക്കാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനും നയന ശ്രമിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായി, ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിക്കാനും യുവതി ക്വട്ടേഷന്‍ സംഘത്തോട് നിര്‍ദേശിച്ചു. അതിനു ശേഷം ഇത് ചെയ്തത് തന്റെ ഭര്‍ത്താവ് ആണെന്നും വരുത്തി തീര്‍ക്കാനും, അതിന്റെ പേരില്‍ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.
ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. യുവതി കൂട്ടുപ്രതികളായ ക്വട്ടേഷന്‍ സംഘവുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഈ ശബ്ദസന്ദേശം മുന്‍നിര്‍ത്തിയാണ് പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിലായ നയനയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസിലെ കൂട്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്നും നെടുപുഴ എസ്.ഐ കെ. സി. ബൈജു അറിയിച്ചു.

Related Articles

Back to top button