BREAKING NEWSKERALALATEST

മാറ്റി നിര്‍ത്തല്‍ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക

കോട്ടയം: എംജി സര്‍വകലാശാലയിലെ ദളിത് ഗവേഷകയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയന്‍സസ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോക്ടര്‍ നന്ദകുമാര്‍ കളരിക്കല്‍ മാറ്റിയതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആര്‍.ബിന്ദു ഇന്നലെ രാത്രി വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണവിധേയനായ അധ്യാപകനെ നാനോ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഗവേഷക.
വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കോട്ടയത്തുള്ള ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. അതിനിടെ സമരത്തിന് പിന്തുണ കൂടുകയാണ്. ഇന്നലെ രാത്രി ആര്‍എംപി നേതാവ് കെകെ രമ സമരപ്പന്തലിലെത്തി. വിഷയം നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കുമെന്ന് രമ പറഞ്ഞു.
അതേ സമയം ഗവേഷക വിദ്യാര്‍ത്ഥി ജാതി വിവേചന പരാതി ഉന്നയിച്ച എം ജി സര്‍വകലാശാലയിലെ അധ്യപകനെ മാറ്റി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതല വിസി ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് എംജി സര്‍വകലാശാല വിസി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഗവര്‍ണറെ അറിയിച്ചു.
അതേ സമയം നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക വിദ്യാര്‍ഥിനി പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
നന്ദകുമാറിനെതിരെ ദുരുതര ആരോപണങ്ങളാണ് സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാര്‍ത്ഥി ദീപയുടെ പരാതി.
പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാല്‍ ദീപയുടെ പ്രവേശനം തടയാന്‍ കഴിഞ്ഞില്ല. 2012 ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി താമസിപ്പിച്ചു. ഒടുവില്‍ 2015 ലാണ് ദീപയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു.
നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്. ദീപയുടെ സമരം ശ്രദ്ധ നേടിയതോടെ സര്‍വ്വകലാശാലയ്ക്ക് നടപടിയെടുക്കേണ്ടി വരികയായിരുന്നു. അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണെന്നും ആരാഞ്ഞു.

Related Articles

Back to top button