BREAKING NEWSFOOTBALLKERALASPORTS

കേരള സന്തോഷ് ട്രോഫി ടീമിനെ ജിജോ ജോസഫ് നയിക്കും

കൊച്ചി : എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ യോഗ്യത മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ എസ്ബിഐയുടെ മധ്യനിര താരം ജിജോ ജോസഫ് നയിക്കും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള 22 അംഗ ടീമിനെ കെ.എഫ്.എ സെക്രട്ടറി അനില്‍ കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിനോ ജോര്‍ജ് ആണ് ടീമിന്റെ മുഖ്യ പരിശീലകന്‍ . പരിചയസമ്പത്ത് ഉള്ളവരും യുവതാരങ്ങളും അടങ്ങിയ നിരയെയാണ് പ്രഖ്യാപിച്ചത്.
ടീം സെല്ക്ഷനുവേണ്ടി ആദ്യ ഘട്ട കോച്ചിങ് ക്യാമ്പ് കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിലും, 30 അംഗ അവസാന ഘട്ട ക്യാമ്പ് കൊച്ചി പനമ്പിള്ളി നഗര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലും പൂര്‍ത്തിയാക്കി.
ഇത്തവണ സന്തോഷ് ട്രോഫി കേരള ടീമില്‍ കേരള യുണൈറ്റഡിന്റെ എട്ട് കളിക്കാരെ അവസാന 22ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014 മുതല്‍ 2019 വരെ ആറ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ കളിച്ച എസ്ബിഐയുടെ കുപ്പായമണിയുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് ആണ് ടീമിലെ ഏറ്റവും പരിചയസമ്പന്നന്‍. ഭവാനിപൂര്‍ എഫ്.സിക്കു വേണ്ടി കളിക്കുന്ന മുഹമ്മദ് ആസിഫ് അടക്കം 13 കളിക്കാര്‍ സന്തോഷ് ട്രോഫി സംസ്ഥാന ടീമിലെ നവാഗതരാണെന്നതാണ് മറ്റൊരു സവിശേഷത. കേരള ബ്ലാസ്റ്റേ്‌ഴ്‌സ്, ,ഗോകുലം എഫ്.സി, കേരള പോലീസ്,എന്നീ ടീമുകളില്‍ നിന്നുള്ള കളിക്കാരും അവസാന 22 അംഗങ്ങളടങ്ങിയ ലിസ്റ്റില്‍ ഇടം പിടിച്ചു.
സൗത്ത് സോണ്‍ ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ ടീമുകളെ യാണ് എതിരിടേണ്ടത്.
ആദ്യ മത്സരത്തില്‍ ഡിസംബര്‍ ഒന്നിന് കേരളം , ലക്ഷദ്വീപിനെയും പോണ്ടിച്ചേരി , ആന്‍ഡമാന്‍ ആന്റ് നിക്കോബാറിനെയും ഉദ്ഘാടന മത്സരങ്ങളില്‍ നേരിടും. ഡിസംബര്‍ 3ന് കേരളം ആന്‍ഡമാനെയും ഡിസംബര്‍ 5ന് പോണ്ടിച്ചേരിയെയും നേരിടും. ആറ് മത്സരങ്ങള്‍ അടങ്ങിയ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. ഫൈനല്‍ റൗണ്ട് ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമായി അരങ്ങേറും.
കേരള ടീം :മിഥുന്‍ .വി, അജ്മല്‍ .എസ് (ഗോള്‍ കീപ്പര്‍മാര്‍ ), സഞ്ജു .ജി, മുഹമ്മദ് ആസിഫ് , വിപിന്‍ തോമസ് , അജയ് അലക്‌സ്, മുഹമ്മദ് ബാസിത് പി.ടി ്, മുഹമ്മദ് ഷഹീര്‍ (പ്രതിരോധനിര), മുഹമ്മദ് റഷീദ് .കെ , ജിജോ ജോസഫ് , അരുണ്‍ ജയരാജ്, അഖില്‍ .പി, സല്‍മാന്‍ .കെ , ആദര്‍ശ് .എം , ബുജെയര്‍ .വി , നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട് ,ഷിജില്‍ എന്‍.എസ് (മധ്യനിര), ജെസിന്‍ ടി.കെ, രാജേഷ്.എസ് , എ.പി, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അജ്‌സല്‍( മുന്നേറ്റ നിര)
പരിശീലകര്‍ : ബിനോ ജോര്‍ജ് (മുഖ്യ പരിശീലകന്‍), ടി.ജി പുരുഷോത്തമന്‍ (അസിസ്റ്റന്റ് കോച്ച് ), സജി ജോയ് (ഗോള്‍കീപ്പര്‍ ട്രെയ്‌നര്‍) മുഹമ്മദ് (ഫിസിയോ) മുഹമ്മദ് സലിം (ടീം മാനേജര്‍)

Related Articles

Back to top button