BREAKING NEWSWORLD

കൊവിഡ് ഫണ്ട് ‘അടിച്ചുമാറ്റി’ ലംബോര്‍ഗിനി വാങ്ങി; യുവാവിന് 9 വര്‍ഷം തടവുശിക്ഷ

വാഷിംഗ്ടണ്‍: കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച യുവാവിന് 9 വര്‍ഷം തടവുശിക്ഷ. യുഎസിലെ ടെക്‌സാസ് സ്വദേശിയായ ലീ പ്രൈസ് (30) എന്ന എന്ന യുവാവാണ് കൊവിഡ് ഫണ്ട് ഉപയോഗിച്ച് ആഢംബര ജീവിതം നയിച്ചത്. വ്യാജ രേഖകള്‍ തയ്യാറാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി.
കൊവിഡ് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനായി മൂന്ന് ഷെല്‍ കമ്പനികള്‍ ലീ ആരംഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ മാര്‍ഗങ്ങളിലൂടെ കൊവിഡ് ഫണ്ട് സ്വന്തമാക്കുയ ഇയാള്‍ ലംബോര്‍ഗിനി കാര്‍, റോളക്‌സ് വാച്ച്, ഫോര്‍ഡിന്റെ വിലകൂടിയ വാഹനമായ എഫ്350 ട്രക്ക് എന്നിവ വാങ്ങുകയും ചെയ്തു. 2019ല്‍ ഒന്നേമുക്കാല്‍ കോടി രൂപയ്ക്കാണ് ലംബോര്‍ഗിനി എസ്‌യുവി വാങ്ങിയത്. റോളക്‌സ് വാച്ചിന് മാത്രം 11 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
വ്യാജ രേഖകളുണ്ടാക്കി പേ ചെക്ക് പ്രോട്ടക്ഷന്‍ പ്രോഗാം (പിപിപി) ലോണ്‍ തട്ടിയായിരുന്നു ലീ ആഡംബര ജീവിതം നയിച്ചത്. 2.6 മില്യണ്‍ ഡോളര്‍ (ഏകദേശം 19 കോടി രൂപ) ലോണിനാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വ്യാജ ലൈസന്‍സ്, നികുതിയടച്ചതിന്റെ വ്യാജ രേഖകള്‍ എന്നിവ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ആഢംബര ജീവിതം നയിക്കുന്നതിന്റെ ഭാഗമായി ഹൂസ്റ്റണിലെ ഒരു ക്ലബില്‍ രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഭൂമി വാങ്ങുന്നതിനടക്കം കൊവിഡ് ഫണ്ട് ഉപയോഗിക്കുകയും ചെയ്തു.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്നവരെ സഹായിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 2020ലാണ് അമേരിക്ക അടിയന്തര സഹായം പ്രഖ്യാപിച്ചത്. അന്നത്തെ പ്രസിഡന്റായിരുന്നു ഡോണാള്‍ഡ് ട്രംപാണ് രണ്ട് ട്രില്യണ്‍ ഡോളറിന്റെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ പേരിലാണ് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ 474 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനം ഏറ്റവുമധികം സാമ്പത്തിക തിരിച്ചടിയുണ്ടാക്കിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക.

Related Articles

Back to top button